വീൽചെയറിൽനിന്ന് സ്വപ്നങ്ങളിലേക്ക് റഷീദ്...
text_fieldsമലപ്പുറം: വീൽചെയറിൽ വീടിന്റെ നാല് ചുവരുകളിൽ ഒതുങ്ങിയിരുന്ന ജീവിതത്തിൽനിന്ന് പ്രതീക്ഷയുടെ പുതിയ സ്വപ്നങ്ങളിലേക്കുള്ള യാത്രയിലാണ് മലപ്പുറം മങ്ങാട്ടുപുലത്തുള്ള റഷീദ്. പീപ്പിൾസ് ഫൗണ്ടേഷന്റെ ‘ഉയരെ’ പദ്ധതിക്ക് കീഴിൽ റഷീദിന്റെയും കുടുംബത്തിന്റെയും ഉപജീവനത്തിനായി ആരംഭിച്ച ചായക്കട കഴിഞ്ഞദിവസം തുടക്കം കുറിച്ചു.
കൂലിപ്പണിക്കാരനായിരുന്ന റഷീദ് ഒന്നരവർഷം മുമ്പ് ജോലിക്കിടെ മരത്തിൽനിന്ന് വീണ് നട്ടെല്ലിന് പരിക്കുപറ്റി അരക്കു താഴെ തളരുകയായിരുന്നു. ശരീരത്തിന് പരിക്കുപറ്റിയെങ്കിലും മനസ്സ് തളരാതിരിക്കാനുള്ള ദൃഢനിശ്ചയത്തിലായിരുന്നു റഷീദ്.
ദീർഘമായ ചികിത്സക്കുശേഷം വീൽചെയറിൽ സഞ്ചരിക്കാം എന്നായി. ഇതിനിടയിലാണ് ഒരു ചെറിയ ചായക്കട ആരംഭിച്ച് ഉപജീവനം മുന്നോട്ടുപോവുക എന്ന ആശയം റഷീദ് മുന്നോട്ടുവെച്ചതും പീപ്പിൾസ് ഫൗണ്ടേഷൻ യാഥാർഥ്യമാക്കിയതും.
മങ്ങാട്ടുപുലം പാലത്തിന് സമീപമുള്ള റഷീദിന്റെ ചായക്കടയിൽ രുചികരമായ പലഹാരങ്ങളും പാനീയങ്ങളും ലഭിക്കും. ഇതോടൊപ്പം തന്നെ ഭാര്യ ടൈലറിങ് ഷോപ്പും ആരംഭിച്ചിട്ടുണ്ട്.