ട്രാഫിക് ബോധവത്കരണ വിഡിയോയുമായി അധ്യാപികയും വിദ്യാർഥികളും
text_fieldsകുന്ദമംഗലം: ട്രാഫിക് ബോധവത്കരണ വിഡിയോയുമായി അധ്യാപികയും വിദ്യാർഥികളും. കാരന്തൂർ എ.എം.എൽ.പി സ്കൂൾ രണ്ടാം ക്ലാസിലെ വിദ്യാർഥികളും അധ്യാപികയുമാണ് ബോധവത്കരണ വിഡിയോ തയാറാക്കിയത്. രണ്ടാം ക്ലാസിലെ മലയാളം പാഠത്തിലെ 'മണിയൻ സൈക്കിൾ' എന്ന പാഠഭാഗത്തെ ആസ്പദമാക്കിയാണ് വിഡിയോ ചെയ്തത്.
അധ്യാപിക മാളിക്കടവ് സ്വദേശി ഫർവീന ഫൈസലാണ് വിഡിയോ സംവിധാനം ചെയ്തത്. ഒരു മിനിറ്റും 40 സെക്കൻഡുമാണ് വിഡിയോയുടെ ദൈർഘ്യം. ക്ലാസിലെ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തിയാണ് വിഡിയോ ഉണ്ടാക്കിയത്. കുട്ടികൾ വിഡിയോ ചിത്രീകരണത്തിന് താൽപര്യപൂർവമാണ് പങ്കെടുത്തതെന്ന് അധ്യാപിക ഫർവീന ഫൈസൽ പറഞ്ഞു. സ്കൂൾ ഗ്രൗണ്ടിലും തൊട്ടടുത്ത റോഡിലുമാണ് വിഡിയോ ചിത്രീകരിച്ചത്. ട്രാഫിക് നിയമങ്ങൾ ഓരോന്നായി കുട്ടികളെ കൊണ്ട് പറയിപ്പിക്കുകയും അത് പ്രായോഗികമായി കാണിക്കുകയും ചെയ്യുന്ന രീതിയിലാണ് വിഡിയോ.
കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഫേസ്ബുക്ക് പേജിൽ വിഡിയോ പങ്കുവെച്ചതോടെ കൂടുതൽ പേർ ഇത് കാണാനിടയായി. മറ്റ് വിഷയങ്ങളിലും ഇതുപോലെ വിഡിയോ തയാറാക്കിയിരുന്നുവെന്നും കുറച്ചുകൂടി പ്രഫഷനൽ രൂപത്തിൽ വീണ്ടും വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി വിഡിയോകളുണ്ടാക്കാൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു.


