താമരശ്ശേരിയിൽ 70കാരനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി
text_fieldsതാമരശ്ശേരി: ജയിൽ വാസം കഴിഞ്ഞ് പുറത്തുവന്ന 70കാരനെ ആൾക്കൂട്ടം വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. താമരശ്ശേരി പുതുപ്പാടി സ്വദേശി കുഞ്ഞുമൊയ്തീനാണ് മർദനമേറ്റത്. ഞായറാഴ്ചയാണ് സംഭവം.
ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിലാണ് കുഞ്ഞുമൊയ്തീൻ ജയിൽവാസം അനുഭവിച്ചത്.
75 ദിവസത്തെ ജയിൽശിക്ഷ അനുഭവിച്ച് പുറത്തുവന്നപ്പോഴാണ് ആൾക്കൂട്ട മർദനത്തിനിരയായത്. പരാതി നൽകിയവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കുഞ്ഞുമൊയ്തീൻ കരുതുന്നത്. അക്രമമുണ്ടാകുമെന്ന് ഭയന്ന് കട്ടിപ്പാറയിലെ സഹോദരിയുടെ വീട്ടിലാണ് മൊയ്തീൻ താമസിച്ചിരുന്നത്.
എന്നാൽ അവിടെയെത്തിയാണ് അക്രമിസംഘം ആക്രമണം നടത്തിയത്. മർദിച്ച ശേഷം വാഹനത്തിൽ കയറ്റി അങ്ങാടിയിൽ കൊണ്ടുവന്ന് വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് വീണ്ടും മർദിച്ചുവെന്നാണ് പരാതി. കുഞ്ഞുമൊയ്തീൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്തു.