ഫ്രഷ്‌കട്ട് സംഘർഷം; പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത് ജില്ല ഭരണകൂടത്തിന്റെ നിസ്സംഗത
text_fieldsഫ്രഷ് കട്ട് വിരുദ്ധ സമരം (ഫയൽ ചിത്രം)
താമരശ്ശേരി: ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് മാറിനില്‍ക്കാന്‍ ജില്ല ഭരണകൂടത്തിനോ ബന്ധപ്പെട്ട അധികൃതര്‍ക്കോ കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രശ്നം രൂക്ഷമാകുമ്പോഴും എൽ.ഡി.എഫ്-യു.ഡി.എഫ് നേതാക്കളുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകളുണ്ടായില്ല. നാട്ടുകാരുടെ നിരന്തര സമ്മർദമുണ്ടായപ്പോൾ പ്രാദേശിക നേതാക്കൾ സമരത്തിന് അനുകൂലമായി ഇടപെട്ടു എന്നതിൽ കവിഞ്ഞ് പ്രശ്നപരിഹാരത്തിനായി ആത്മാർഥമായ ചർച്ചകൾപോലും നടന്നില്ല എന്നതാണ് വാസ്തവം.
സമരം തുടങ്ങിയത് പൊറുതിമുട്ടിയപ്പോൾ
അമ്പായത്തോട് ഇറച്ചിപ്പാറയിൽ അറവുമാലിന്യ ഫാക്ടറി 2019ൽ സ്ഥാപിച്ച സമയത്ത് പ്രതിഷേധങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, അനുവദനീയമായതിലും കൂടുതല്‍ അറവുമാലിന്യം സംസ്‌കരണത്തിനായി കൊണ്ടുവന്നപ്പോള്‍ വായു മലിനീകരണവും ജലമലിനീകരണവും മറ്റു പ്രശ്‌നങ്ങളും കാണിച്ച് പ്രദേശവാസികള്‍ നിരവധി നിവേദനങ്ങളിലൂടെയും ജനപ്രതിനിധികള്‍ മുഖാന്തരവും ജില്ല ഭരണകൂടത്തെ അറിയിച്ചിരുന്നു.
അസ്സഹനീയമായ ദുർഗന്ധവും പരിസ്ഥിതി മലിനീകരണവുംകൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി വന്നത്. ന്യായമായ ആവശ്യങ്ങളാണ് പരിസരവാസികള്‍ ആദ്യം മുതലേ ഉന്നയിച്ചത്. ഉടമകളായ ആളുകളുടെ ലാഭക്കൊതി മാത്രം മുന്നില്‍കണ്ട് ജില്ലയിലെ മുഴുവൻ ചിക്കൻ സ്റ്റാളുകളിൽനിന്നുള്ള മാലിന്യവും നിരവധി കണ്ടെയ്നർ ലോറികളിൽ എത്തിച്ച് സംഭരിച്ചപ്പോഴാണ് വായുവും ജലവും മലിനമാവുകയും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്തത്.
നിത്യേന 30 ടൺ മാലിന്യം മാത്രം സംസ്കരിക്കാൻ മാത്രം അനുമതിയും ശേഷിയുമുള്ള ഫ്രഷ് കട്ട് സംസ്കരണ പ്ലാന്റാണ് നൂറിൽപരം ടൺ മാലിന്യം സംസ്കരണത്തിന് എത്തിക്കുന്നത്. ഒരു കിലോ കോഴി മാലിന്യം കൊണ്ടുപോകുന്നതിന് ചിക്കൻ സ്റ്റാൾ ഉടമകളിൽനിന്ന് എട്ട് രൂപയോളം വാങ്ങിയിരുന്ന കമ്പനി ഇക്കാലയളവിൽ കോടികളാണ് സമ്പാദിച്ചുകൂട്ടിയതെന്നാണ് നാട്ടുകാർ പറയുന്നത്. സംസ്കരിക്കുന്ന മാലിന്യം വീണ്ടും പ്രൊസസ് ചെയ്ത് കാലിത്തീറ്റയടക്കമുള്ള ഉൽപന്നങ്ങളാക്കി മാറ്റി കയറ്റുമതി ചെയ്യുകയാണ് ഫ്രഷ് കട്ട് കമ്പനി ചെയ്യുന്നത്. മാലിന്യപ്രശ്നം രൂക്ഷമായതിനെ തുടർന്ന് നടന്ന ചർച്ചകളിലെ ധാരണകളും പ്രശ്നപരിഹാര നിർദേശങ്ങളും കമ്പനി കാറ്റിൽ പറത്തുകയായിരുന്നു എന്നാണ് പരാതി.
വഷളാക്കിയത് അധികൃതരുടെ വീഴ്ച
കൃത്യമായ സമയത്ത് പരിശോധിച്ച് കമ്പനിയിൽനിന്നുള്ള അനധികൃത ഇടപെടലുകള്‍ തടയാന്‍ ജില്ല ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വന്ന വീഴ്ചയാണ് പ്രശ്‌നം ഇത്രത്തോളം വഷളാക്കിയത്. ജില്ലയില്‍ മറ്റു പ്ലാന്റുകള്‍ അനുവദിക്കാത്തതിന്റെ ഉത്തരവാദിത്തവും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ജില്ല ഭരണകൂടത്തിനുമാണ്. മറ്റു സ്ഥലങ്ങളിൽ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാൻ എല്ലാ സംവിധാനങ്ങളുമായി മുന്നോട്ടുവന്ന സംരംഭകർ വർഷങ്ങളോളം കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ വി വിധ സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയിട്ടും എൻ.ഒ.സി ലഭിച്ചില്ലെന്ന് സംരംഭകർതന്നെ നേരിട്ടെത്തി മാധ്യമപ്രവർത്തകരോട് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
വര്‍ഷങ്ങളായി നടക്കുന്ന സമരമായിട്ടും അത് പരിഹരിക്കുന്നതില്‍ ജില്ല ഭരണകൂടത്തിന്റെയും സര്‍ക്കാറിന്റെയും ഭാഗത്തുനിന്ന് തികഞ്ഞ പരാജയമാണുണ്ടായത്. ജനപ്രതിനിധികൾക്കും ശക്തമായ ഇടപെടലുകൾ നടത്താൻ സാധിച്ചിട്ടില്ല. ഫ്രഷ് കട്ട് സ്ഥാപനത്തിന്റെ തുടക്കക്കാരിൽ വിവിധ പാർട്ടി നേതാക്കൾക്ക് പങ്കുണ്ടായിരുന്നെന്നും ഇ േപ്പാഴും കമ്പനിയിൽനിന്ന് ലാഭമായും സംഭാവനയായും ലക്ഷങ്ങൾ കൈപ്പറ്റുന്നവരുണ്ടെന്നും പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്.
ഇതുകൊണ്ടൊക്കെയാണ് സർവകക്ഷി പിന്തുണ നാട്ടുകാർക്ക് ലഭിക്കാതെ പോയതെന്നാണ് ആക്ഷേപം. പ്രദേശിക ഇടവകകളും കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് അടക്കമുള്ള സഭാ സ്ഥാപനങ്ങളും സമരക്കാർക്കൊപ്പം ശക്തമായ നിലപാടെടുത്തെങ്കിലും താമരശ്ശേരി ബിഷപ്സ് ഹൗസിൽനിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്നും നാട്ടുകാർ പറയുന്നു. മലയോര മേഖലയിലുണ്ടായ കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരായ സമരം, വന്യമൃഗ ശല്യം, കാർഷിക വിലയിടിവ്, ചുരം ബദൽ പാത തുടങ്ങിയ ജനകീയ വിഷയങ്ങളിൽ താമരശ്ശേരി ബിഷപ് ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നെങ്കിലും ഫ്രഷ് കട്ട് വിരുദ്ധ സമരത്തിൽ പിന്തുണച്ചില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
ജനങ്ങളുടെ യഥാർഥ പ്രശ്‌നം കേള്‍ക്കാന്‍ ഉത്തരവാദപ്പെട്ട ആരും തയാറായിട്ടില്ല. സമരസമിതിയുടെ നേതൃസ്ഥാനത്തേക്ക് കടന്നുവരാൻ പ്രദേശിക പാർട്ടി നേതാക്കളും തയാറായില്ല. ഫ്രഷ് കട്ട് ദുരിത ബാധിത മേഖലകൾ ഉൾക്കൊള്ളുന്ന താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ജില്ല കലക്ടർ അടക്കമുള്ള വകുപ്പ് മേധാവികളും ബിഷപ്സ് ഹൗസ് പ്രതിനിധികളും ഒന്നിച്ചിരുന്നാൽ തീരുന്ന പ്രശ്നമാണിത്. വർഷങ്ങളായി സമാധാനപൂർവം മാത്രം നടന്നിരുന്ന സമരത്തിൽ കഴിഞ്ഞ ദിവസം പൊലീസ് അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. സമരത്തെ വഴിതിരിച്ചുവിടാന്‍ ഫാക്ടറി ഉടമകളും പൊലീസും ചേര്‍ന്ന് നടത്തിയ നാടകമാണ് നടന്നതെന്ന് ജനകീയ സമരസമിതി ആരോപിക്കുന്നു.
നിലവിൽ സമരത്തില്‍ പങ്കെടുത്തവരെ പൊലീസ് വേട്ടയാടുന്നതിന്റെ ഭാഗമായി പലരും വീടുകള്‍വിട്ട് പോവേണ്ട അവസ്ഥയാണ്. സര്‍ക്കാര്‍ ജനങ്ങളെ അടിയന്തരമായി കേള്‍ക്കുകയും പ്രദേശത്തെ നീറുന്ന മാലിന്യപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുകയും വേണം. വിഷയത്തിൽ മുഖ്യമന്ത്രിയടക്കം ഇടപെടേണ്ടതുണ്ട്. അതിന് രാഷ്ട്രീയ നേതൃത്വം സര്‍ക്കാറില്‍ സമ്മർദം ചെലുത്തിയേ തീരൂ.
സമരത്തിൽ പങ്കെടുത്ത ഒരാൾകൂടി അറസ്റ്റിൽ
താമരശ്ശേരി: ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴിമാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരെയുള്ള സമരത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തില്‍ ഒരാൾകൂടി അറസ്റ്റിൽ. മൈക്കാവ് കരിമ്പാലകുന്ന് ജിതിൻ വിനോദ് (19) ആണ് അറസ്റ്റിലായത്. ഇതോടെ സംഘർഷത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ചുപേരെയും താമരശ്ശേരി ജെ.എഫ്.സി.എം കോടതി (ഒന്ന്) റിമാൻഡ് ചെയ്തിരുന്നു.


