55 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ
text_fieldsബാസിത്, അൽഷാജ്
താമരശ്ശേരി: മാരക മയക്കുമരുന്നായ 55 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേരെ താമരശ്ശേരി പൊലീസ് പിടികൂടി. അമ്പായത്തോട് മലയിൽ അൽഷാജ് (29), ചുടലമുക്ക് അരേറ്റുംചാലിൽ ബാസിത് (30) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി 8.15ഓടെ കാരാടി പുതിയ ബസ് സ്റ്റാൻഡിനടുത്ത് ഇൻസ്പെക്ടർ എ. സായൂജ് കുമാറും സംഘവും പിടികൂടിയത്. മയക്കുമരുന്ന് വിൽപനക്ക് ഉപയോഗിച്ച കെ.എൽ. 57 ഇസഡ് 1457 നമ്പർ കാറും കസ്റ്റഡിയിലെടുത്തു.
പിടികൂടിയ ലഹരി മരുന്നിന് ഒന്നരലക്ഷം രൂപ വിലവരും. ജില്ലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് വ്യാപാരിയാണ് അൽഷാജ് എന്നും യുവാക്കൾക്ക് ലഹരി മരുന്ന് നൽകി പിന്നീട് വിൽപനക്കാരാക്കിയാണ് അൽഷാജും സംഘവും പ്രവർത്തിക്കുന്നതെന്നും പൊലീസ് പറഞ്ഞു. ഡൽഹി, ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ അൽഷാജിന് ലഹരി ശൃംഖലയുമായി ബന്ധമുണ്ട്. യുവതികളെയും കാരിയറായി ഉപയോഗിക്കാറുണ്ട്. 2024ൽ 1.375 കിലോ കഞ്ചാവും രണ്ടു ഗ്രാം എം.ഡി.എം.എയുമായി ഗോണിക്കുപ്പ പൊലീസ് ഇയാളെ പിടികൂടിയിരുന്നു. താമരശ്ശേരിയിൽ 2024 ജൂലൈയിൽ പറമ്പിൽ ബസാർ സ്വദേശിയെ കുഴൽപ്പണം സംബന്ധിച്ച തർക്കത്തെത്തുടർന്ന് തട്ടിക്കൊണ്ടുപോയി ചുണ്ടേൽ റിസോർട്ടിൽ മർദിച്ച് അവശനാക്കി കൊല്ലാൻ ശ്രമിച്ചതിനും കേസുണ്ട്.
2020ൽ പോക്സോ കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുണ്ട്. നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡി.വൈ.എസ്.പി. കെ സുശീർ എന്നിവരുടെ നിർദേശപ്രകാരം സ്പെഷൽ സ്ക്വാഡ് എസ്.ഐ രാജീവ് ബാബു, എ.എസ്.ഐമാരായ വി.വി. ഷാജി, വി.സി. ബിനീഷ്, തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.