പട്ടയം ലഭിച്ചില്ല; വൈദ്യുതിയില്ലാതെ രണ്ടു പട്ടികജാതി കുടുംബങ്ങൾ ദുരിതത്തിൽ
text_fieldsഇയ്യാട് ചമ്മിൽ നാലു സെന്റ് ഉന്നതിയിലെ രവീന്ദ്രന്റെ വീട്
എകരൂൽ: താമരശ്ശേരി താലൂക്കിൽ ഉണ്ണികുളം പഞ്ചായത്ത് ഇയ്യാട് ഒറ്റക്കണ്ടം വാർഡ് 20ൽ ചമ്മില്‍ നാലു സെന്റ് ഉന്നതിയിലെ രണ്ടു കുടുംബങ്ങൾ പട്ടയവും വൈദ്യുതിയുമില്ലാതെ ദുരിതത്തിൽ. ഉന്നതിയിലെ രവീന്ദ്രൻ-ഷൈനി ദമ്പതികളുടെ നാലംഗ കുടുംബവും തൊട്ടടുത്ത് താമസിക്കുന്ന മാധവൻ-ഗീത ദമ്പതികളുടെ എട്ടംഗ കുടുംബവുമാണ് പട്ടയം ലഭിക്കാത്തതിനാൽ ദുരിതത്തിലായത്. മാധവൻ-ഗീത ദമ്പതികളുടെ മൂത്തമകൾ മഗിഷയുടെ പ്രൈമറി സ്കൂൾ വിദ്യാർഥികളായ മൂന്നു കുഞ്ഞുങ്ങളടക്കം എട്ടു പേരാണ് ഈ വീട്ടിൽ താമസിക്കുന്നത്.
ഇയ്യാട് സി.സി.യു.പി സ്കൂളിൽ ഒന്ന്, മൂന്ന്, നാല് ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് കൊച്ചു കുട്ടികൾ മെഴുകുതിരി വെളിച്ചത്തിലാണ് പഠിക്കുന്നത്. കൂലിപ്പണി ചെയ്തു കിട്ടുന്ന വരുമാനത്തിൽ നിന്ന് ദിവസേന അഞ്ചും പത്തും മെഴുകുതിരി വാങ്ങേണ്ടിവരുന്നുണ്ടെന്ന് ഇരു കുടുംബങ്ങളും പറയുന്നു. ഷൈനി-രവീന്ദ്രന് ദമ്പതികളുടെ കുടുംബം 2023ല്‍ താമരശ്ശേരി നടന്ന താലൂക്കുതല അദാലത്തില്‍ പട്ടയത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. മന്ത്രിമാരായ കെ. രാജനും മുഹമ്മദ് റിയാസും ഉള്‍പ്പെടെ പങ്കെടുത്ത അദാലത്തില്‍ സമയബന്ധിതമായി രേഖകള്‍ പരിശോധിച്ച് ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും രണ്ടു വര്‍ഷമായിട്ടും നപടിയായില്ലെന്ന് കുടുംബം പറയുന്നു.
പട്ടയം ലഭിക്കാത്തതുകൊണ്ട് പഞ്ചായത്തിൽനിന്ന് വീട്ടു നമ്പർ അനുവദിച്ചിട്ടില്ല. വീടിന്റെ രേഖകള്‍ ഇല്ലാത്തതുകൊണ്ട് വൈദ്യുതി കണക്ഷനോ റേഷന്‍ കാര്‍ഡോ എടുക്കാനാകതെ ഈ കുടുംബം ദുരിതത്തിലാണ്. കുടുംബത്തിന്റെ അര്‍ഹത ബോധ്യപ്പെടുത്തി ശിവപുരം വില്ലേജ് ഓഫിസര്‍ 2023 സെപ്റ്റംബർ 18 ന് മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതാണ്. തുടര്‍ന്ന് പലതവണ താലൂക്ക് ഓഫിസ്, കലക്ടറേറ്റ്, മുഖ്യമന്ത്രിയുടെ ഓഫിസ് എന്നിവിടങ്ങളില്‍ ബന്ധപ്പെട്ടു. നവകേരള സദസ്സിലും പരാതി ഉന്നയിച്ചിരുന്നു. തീര്‍ത്തും നിര്‍ധനരായ കുടുംബത്തിന് കേന്ദ്രാവിഷ്കൃത ഭവന പദ്ധതി പി.എം.എ.വൈയിലുള്പ്പെടുത്തിയാണ് വീട് നിര്‍മിച്ചത്.
തൊഴിലുറപ്പിനും കൂലിവേലക്കും പോകുന്ന ഇവർക്ക് വീട്ടുമുറ്റത്ത് ഇലക്ട്രിക് പോസ്റ്റുണ്ടായിട്ടും വൈദ്യുതിയില്ലാത്തതുകൊണ്ട്മാസം 1500 ഓളം രൂപയുടെ മെഴുകുതിരിയാണ് വാങ്ങേണ്ടിവരുന്നത്. അര്‍ഹരായവർക്ക് സമയബന്ധിതമായി സേവനമുറപ്പാക്കുന്നതിന് പകരം അനാവശ്യമായ നിയമ വശങ്ങൾ ചൂണ്ടിക്കാട്ടി ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ അധികൃതർ കാലതാമസം വരുത്തുകയാണെന്നും ലഭിക്കേണ്ട അവകാശങ്ങൾ അനന്തമായി നീളുന്നതിൽ മനുഷ്യാവകാശ കമീഷന് പരാതി നൽകാൻ ഒരുങ്ങുകയാണെന്നും നിയമ സഹായവുമായി രംഗത്തുള്ള വെൽഫെയർ പാർട്ടി പ്രവർത്തകർ അറിയിച്ചു.


