Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുല്ലാളൂരിന്റെ...

പുല്ലാളൂരിന്റെ ഹൃദയതാളമായി കാളപൂട്ട് ഉത്സവം

text_fields
bookmark_border
പുല്ലാളൂരിന്റെ ഹൃദയതാളമായി കാളപൂട്ട് ഉത്സവം
cancel
camera_alt

പുല്ലാളൂര്‍ ജനകീയ കാളപൂട്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുല്ലാളൂര്‍ കണ്ടത്തില്‍ സംഘടിപ്പിച്ച കാളപ്പൂട്ട് മത്സരത്തില്‍ നിന്ന്  (ഫോട്ടോ- പി. സന്ദീപ്)

നരിക്കുനി: പുല്ലാളൂരിലെ ചെളിപ്പാടത്ത് ഉയർന്ന ആർപ്പുവിളികൾക്കിടയിൽ മണ്ണിന്റെ മണമുള്ള ഒരു സംസ്കാരത്തെ നെഞ്ചോട് ചേർത്തുപിടിച്ച് പഴമയുടെ പ്രതാപവും കാർഷിക പാരമ്പര്യത്തിന്റെ ഗൃഹാതുരതയും ഒരിക്കൽ കൂടി ഉണർത്തിയ കാളപൂട്ട് മത്സരത്തിന് ബുധനാഴ്ച സന്ധ്യയോടെ ആവേശോജ്ജ്വല കൊടിയിറക്കം. പുല്ലാളൂർ ജനകീയ കാളപൂട്ട് കമ്മിറ്റി യാണ് മത്സരം സംഘടിപ്പിച്ചത്.

83 ജോഡി ഉരുക്കൾ പങ്കെടുത്ത വാശിയേറിയ പോരാട്ടത്തിനൊടുവിൽ നബീൽ അരീമ്പ്രയുടെ ഉരുക്കളാണ് ഒന്നാം സ്ഥാനം നേടിയത്. തൊട്ടു പുറകിൽ മുസ്തഫ പാലപ്പറമ്പൻ, സി.ടി. അഷ്‌റഫ് ഒതായി എന്നിവരുടെ കന്നുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പി.പി. മാമുക്കുട്ടി കുനിയിൽ, വളപ്പൻ ബിച്ചാവ കമ്പളക്കല്ല് എന്നിവരുടെ ഉരുക്കളാണ് നാലും അഞ്ചും സ്ഥാനത്തെത്തിയത്.

കർഷകരുടെ വിയർപ്പിന്റെയും സ്നേഹത്തിന്റെയും കരുത്തിൽ വളർന്ന ഉരുക്കൾ ചെളിയിലൂടെ മിന്നൽ പിണറുകൾ പോലെ കുതിച്ചുപാഞ്ഞപ്പോൾ കാണികളുടെ ഹൃദയമിടിപ്പും ഒപ്പം ഉയർന്നു. കേവലമൊരു മത്സരത്തിനപ്പുറം മനുഷ്യനും മിണ്ടാപ്രാണികളും തമ്മിലുള്ള ആത്മബന്ധത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും നേർക്കാഴ്ചയായിരുന്നു പുല്ലാളൂരിലെ പൂട്ടുകണ്ടം.

കാലത്തിന്റെ കുത്തൊഴുക്കിൽ മറഞ്ഞുപോകുമായിരുന്ന ഒരു നാടൻ കലാരൂപത്തെ ജീവശ്വാസം പോലെ കാത്തുസൂക്ഷിക്കുന്ന കർഷകരുടെയും നാട്ടുകാരുടെയും നിശ്ചയദാർഢ്യമാണ് ഈ വിജയത്തിന് പിന്നിൽ. ജാതിമത ഭേദമന്യേ നാടൊന്നാകെ ഒത്തുചേർന്നപ്പോൾ അത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയൊരു ഉത്സവമായി മാറി. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.

ചെളിയിൽ കുതിർന്ന മുഖങ്ങളുമായി നിറഞ്ഞ പുഞ്ചിരിയോടെ മടങ്ങുന്ന ഓരോ കർഷകനും പൂട്ടുകാരനും കാണികളും മണ്ണിൽ ചവിട്ടി നിൽക്കുന്ന ഒരു ജനതയുടെ കരുത്തിന്റെ പ്രതീകങ്ങളായി. പുതിയ തലമുറക്ക് തങ്ങളുടെ വേരുകളെ തിരിച്ചറിയാനുള്ള വലിയൊരു ഓർമപ്പെടുത്തൽ കൂടിയായി പുല്ലാളൂരിലെ കാളപൂട്ട് മഹോത്സവം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:kalapoottu utsavam Kozhikode News 
News Summary - The Kalapoot festival is the heartbeat of Pullalur
Next Story