തിരുവമ്പാടി തൂക്കാൻ മുന്നണികൾ
text_fields1. എൽ.ഡി.എഫ് സ്ഥാനാർഥി ലിന്റോ ജോസഫ് തിരുവമ്പാടി അമ്പല പാറയിൽ വോട്ടർമാരെ കാണുന്നു. 2. യു.ഡി.എഫ് സ്ഥാനാർഥി സി.കെ. കാസിം. 3.എൻ.ഡി.എ സ്ഥാനാർഥി സണ്ണി തോമസ്
സ്വീകരണത്തിനിടെ
കോടഞ്ചേരി ഗവ. കോളജിൽ വിദ്യാർഥികളോട്
വോട്ട് ചോദിക്കുന്നു
തിരുവമ്പാടി: സംസ്ഥാനത്തെ കടുത്ത പോരാട്ടം നടക്കുന്ന നിയോജകമണ്ഡലങ്ങളിലൊന്നാണ് തിരുവമ്പാടി.യു.ഡി.എഫ് സ്ഥാനാർഥി സി.കെ. കാസിമും എൽ.ഡി.എഫ് സ്ഥാനാർഥി ലിന്റോ ജോസഫും നേർക്ക് നേരാണ് പോരാട്ടം. എൻ.ഡി.എ സ്ഥാനാർഥിയായി ട്വൻറി ട്വൻറി പ്രതിനിധി സണ്ണി തോമസും കളത്തിലുണ്ട് . 2016ലും 2021 ലും ഇടതുപക്ഷം വിജയിച്ച തിരുവമ്പാടി ഇടത് വലത് മുന്നണികളുടെ ആധിപത്യ മണ്ഡലമല്ല. . രൂപീകൃതമായത് മുതൽ യു.ഡി.എഫിന് ഒപ്പമായിരുന്ന മണ്ഡലത്തിൽ ആദ്യ അട്ടിമറി നടക്കുന്നത് 2006 ലാണ്. യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എം.സി.മായിൻ ഹാജിയെ അഡ്വ. മത്തായി ചാക്കോ പരാജയപ്പെടുത്തിയതോടെയാണ് തിരുവമ്പാടിയിൽ ഇടത് മുന്നണിക്ക് സാധ്യത തെളിഞ്ഞത്. മത്തായി ചാക്കോയുടെ നിര്യാണത്തെ തുടർന്ന് 2006ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 246 വോട്ടിന് എൽ.ഡി.എഫ് മണ്ഡലം നിലനിർത്തി. ഇടത് സ്ഥാനാർഥി ജോർജ് എം. തോമസ് അന്ന് യു.ഡി. എഫിലെ വി.എം. ഉമ്മറിനെ പരാജയപ്പെടുത്തി. 2011-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സി. മോയിൻകുട്ടിയിലൂടെ തിരുവമ്പാടി യു.ഡി.എഫ് തിരിച്ച് പിടിച്ചു . ജോർജ് എം.തോമസായിരുന്നു പരാജയപ്പെട്ട ഇടത് സ്ഥാനാർഥി. 3008 വോട്ടിന് 2016ൽ ജോർജ് എം. തോമസും 4,643 വോട്ടിന് 2021ൽ ലിന്റോ ജോസഫും വിജയിച്ചതോടെ മണ്ഡലത്തിൽ ഇടത് പക്ഷത്തിന്റെ ആത്മവിശ്വാസം വർധിച്ചു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ മണ്ഡലത്തിലുണ്ടായ സാമൂഹിക മാറ്റം തങ്ങൾക്ക് ഗുണകരമാണെന്ന് ഇടത് മുന്നണി വിലയിരുത്തുന്നുണ്ട്. എന്നാൽ , കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് ഭൂരിപക്ഷം 5000ൽ താഴെയായതിനാൽ അട്ടിമറി സാധ്യമാണെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.
മലയോര മേഖലയിലെ വന്യമൃഗ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ ഫലപ്രദമായി നടപടി സ്വീകരിച്ചില്ലെന്ന ആരോപണം യു.ഡി.എഫിന്റെ പ്രധാന പ്രചാരണ വിഷയമാണ്. കുടിയേറ്റ കർഷകരെ കൈയിലെടുക്കുന്നതിലാണ് യു.ഡി.എഫ് പ്രചാരണം കേന്ദ്രികരിക്കുന്നത് . യു.ഡി.എഫ് സ്ഥാനാർഥി സി.കെ. കാസിമിനായി മുതിർന്ന ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിനെ ബിഷപ് ഹൗസിൽ നേരിട്ടെത്തി കണ്ടിരുന്നു.
മണ്ഡലത്തിലെ വികസന പ്രവൃത്തികളും വ്യക്തിപരമായി വിരുദ്ധ വികാരങ്ങളില്ലാത്തതും രണ്ടാം തവണ അങ്കത്തിനിറങ്ങിയ ലിന്റോ ജോസഫിന്റെ സാധ്യതകളാണെന്നാണ് എൽ.ഡി.എഫ് കണക്ക് കൂട്ടൽ . മണ്ഡലത്തിൽ നടപ്പാക്കിയ വികസന കാര്യങ്ങൾ എണ്ണി പറഞ്ഞാണ് എൽ.ഡി.എഫ് പ്രചാരണം . താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായുള്ള ലിന്റോ ജോസഫിന്റെ ബന്ധം വോട്ടാകുമെന്ന പ്രതീക്ഷയും ഇടത് പക്ഷത്തിനുണ്ട് .
എൻ. ഡി. എ സ്ഥാനാർഥി സണ്ണി തോമസ് മണ്ഡലത്തിൽ പ്രചാരണ രംഗത്ത് സജീവമാണ് . ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ടാണ് എൻ.ഡി.എ ഇത്തവണ് ട്വന്റി ട്വന്റിക്ക് സീറ്റ് നൽകിയത്.
സി.കെ. കാസിം
മുക്കം എം.എ.എം. ഒ കോളജ് യൂനിയൻ ചെയർമാനായി പൊതുരംഗത്ത് എത്തിയ സി.കെ.കാസിം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , ജില്ല പഞ്ചായത്ത് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച നാല് തെരഞ്ഞെടുപ്പിലും വിജയം കണ്ടു. നിലവിൽ ലീഗ് സംസ്ഥാന പ്രവർത്തക സമിതിയിലും ദേശിയ സമിതിയിലും അംഗമാണ്. കൂടരഞ്ഞി പഞ്ചായത്തിലെ താഴെ കൂടരഞ്ഞി സ്വദേശിയായ സി.കെ. കാസിം ടാക്സി ഡ്രൈവറായിരുന്നു. ചെങ്ങിന കുന്നേൽ കുഞ്ഞാലൻകുട്ടി - ആമിന ദമ്പതികളുടെ മകനാണ്. സജ്നയാണ് ഭാര്യ. മക്കൾ: മുഹമ്മദ് സാലിഹ്, സനൂസിയ, ഫാത്തിമ സിലു .
ലിന്റോ ജോസഫ്
ലിന്റോ ജോസഫ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് 2021ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2020 ലെ തദ്ദേശ തെരഞ്ഞടുപ്പിലാണ് കൂടരഞ്ഞിയിലെ കൂമ്പാറ വാർഡിൽ നിന്ന് ആദ്യമായി ഗ്രാമപഞ്ചായത്ത് അംഗമായി വിജയിച്ചത്. പഞ്ചായത്തംഗമായി ആറ് മാസത്തിനകം നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അപൂർവ നേട്ടം എം.കോം ബിരുദധാരിയായ ലിന്റോ ജോസഫിനുണ്ട്. എസ്.എഫ്.ഐ ജില്ല സെക്രട്ടറിയായും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.കൂമ്പാറ സ്വദേശിയാണ് .ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിൽ പാലക്കൽ ജോസഫ് - അന്നമ്മ ദമ്പതികളുടെ മകനായി 1992 ലാണ് ജനനം. അനുഷയാണ് ഭാര്യ.
സണ്ണി തോമസ്
കെ.എസ്.യുവിലൂടെ പൊതു രംഗത്ത് എത്തിയ സണ്ണി തോമസ് യൂത്ത് എൻ.സി.പി ദേശിയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ്. ഭാര്യ : സാലി കെ.തരകൻ. ഒരു മകളുണ്ട്.


