വാനകുതുകികൾക്ക് ആഹ്ലാദം; ഇത്തവണ മാനത്തും വിഷുക്കണി
text_fieldsകോഴിക്കോട്: വീടകങ്ങളിൽ വിഷുക്കണിയൊരുക്കുമ്പോൾ ഇത്തവണ വിഷുപ്പുലരിയിൽ കിഴക്കൻ മാനത്തും നക്ഷത്രങ്ങൾ വിഷുക്കണിയൊരുക്കും. ചക്രവാളത്തിനോട് വളരെയടുത്തായി മനോഹരമായ ‘ആകാശവിഷുക്കണി’ വാനകുതുകികൾക്ക് ഏറെ ആഹ്ലാദം പകരും. നേർത്ത ചന്ദ്രക്കലയുടെ തൊട്ടു താഴെ ബുധൻ (Mercury), ചൊവ്വ (Mars), ശനി( Saturn) എന്നീ ഗ്രഹങ്ങൾ അതിമനോഹരമായി അണിനിരക്കും. പിറ്റെ ദിവസമായ വ്യാഴാഴ്ച പുലർച്ച വളരെ നേർത്ത ചന്ദ്രക്കലയുടെ ഒരു ഭാഗത്തായി ഈ മൂന്ന് ഗ്രഹങ്ങളെയും കാണാം.
തുടർന്നുള്ള ദിവസം അമാവാസി ആയതിനാൽ ചന്ദ്രസാന്നിധ്യമുണ്ടാകില്ലെങ്കിലും ഗ്രഹങ്ങളുടെ ഈ ‘മുക്കൂട്ട്’ മനോഹരമായി തുടരും. മഴക്കാറില്ലാത്ത ആകാശമാണെങ്കിൽ ഇനിയുള്ള ഒരാഴ്ചക്കാലം ഈ ഗ്രഹ സംഗമം വാനകുതുകികൾക്ക് ഒരാവേശമായിരിക്കും. രാവിലെ ഏതാണ്ട് 5.25 മുതൽ ആറു മണി വരെയായിരിക്കും കാഴ്ച ഏറ്റവും മനോഹരമായിരിക്കുക.
വെറും കണ്ണ് കൊണ്ട് തന്നെ കാണാവുന്നതാണെങ്കിലും ചെറിയൊരു ബൈനോക്കുലർ കാഴ്ചയെ കൂടുതൽ മനോഹരമാക്കും. ഈ സമയത്തുതന്നെ ചൊവ്വയുടെ അൽപം മുകളിലായി നെപ്റ്റ്യൂൺ (Neptune) ഉണ്ടാകുമെങ്കിലും അൽപം ശക്തി കൂടിയ ടെലസ്കോപ്പിൽ മാത്രമേ അതിനെ കാണുകയുള്ളുവെന്ന് വാനനിരീക്ഷകനും അമച്വർ കോളമിസ്റ്റുമായ സീരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു. ഈ ഗ്രഹ സംഗമത്തിന് അൽപം വടക്കായി മങ്ങിയ പാൻ-സ്റ്റാർസ് (Pan-STARRS) എന്നധൂമകേതുവിശെനയും (വാൽ നക്ഷത്രത്തെയും) കാണാം. വാൽ നക്ഷത്രം കൂടുതൽ തെളിഞ്ഞുകാണാൻ ബൈനോക്കുലർ ഉപയോഗിക്കുന്നതാണ് നല്ലത്. സൂര്യ പരിവേഷം കാഴ്ചയെ അൽപം പ്രതികൂലമായി ബാധിച്ചേക്കാനിടയുണ്ട്.


