തിക്കോടി ബീച്ച് ദുരന്തം ഒരാഴ്ച പിന്നിടുന്നു ; സുരക്ഷ നടപടികളുമായി ജില്ലാ ഭരണകൂടം
text_fieldsഞായറാഴ്ച സന്ദർശകർ കുറഞ്ഞ തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ച്
പയ്യോളി: തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിൽ നാലുപേർ മരിക്കാനിടയായ സംഭവം ഒരാഴ്ച പിന്നിടുമ്പോൾ ജില്ല ഭരണകൂടം ഇടപെട്ട് വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നു. കഴിഞ്ഞ ഞായറാഴ്ച റിപ്പബ്ലിക് ദിനത്തിലായിരുന്നു വിനോദസഞ്ചാരത്തിനെത്തിയ വയനാട് കൽപറ്റ സ്വദേശികളായ നാലുപേർ തിരമാലയിൽപ്പെട്ട് മുങ്ങിമരിക്കാനിടയായ അപകടമുണ്ടായത്.
ഇതേ തുടർന്ന് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിംങിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ ഉന്നതതല യോഗം ചേർന്നിരുന്നു. കടലിൽ പരിശീലനം നേടിയ ഒമ്പത് മത്സ്യത്തൊഴിലാളികളുടെ സേവനം ബീച്ചിൽ തിരക്ക് കൂടുന്ന വാരാന്ത്യങ്ങളിലും അവധിദിനങ്ങളിലും ലഭ്യമാക്കാൻ തീരുമാനമായി. ആറ് ലൈഫ് ഗാർഡുമാരുടെ സേവനം ലഭ്യമാക്കുന്ന ഡി.ടി.പി.സിയുടെ പദ്ധതി നിലവിൽ വരുന്നതുവരെ മത്സ്യത്തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തും.
ഡ്രൈവ് ഇൻ ബീച്ചിലെ 250 മീറ്റർ പരിധിയിൽ അപായ സൂചന ബോർഡുകൾ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ഇടപെട്ട് സ്ഥാപിക്കും. ബീച്ചിൽ ശുചിമുറി, സുരക്ഷ ജീവനക്കാരൻ, ബീച്ച് ശുചിയാക്കാനുള്ള സംവിധാനം എന്നിവക്കായി താത്കാലിക സംവിധാനം ഏർപ്പെടുത്താൻ തിക്കോടി ഗ്രാമപഞ്ചായത്തിന് കലക്ടർ നിർദേശം നൽകി. ബീച്ചിൽ വൈദ്യുതി വിളക്കുകൾ അടിയന്തിരമായി സ്ഥാപിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ബീച്ചിന്റെ തെക്കുഭാഗത്ത് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ശുചിമുറി ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കുന്ന പ്രവൃത്തി നടന്നുവരുന്നുണ്ടെങ്കിലും ഇത് പൂർത്തിയാവാൻ സമയമെടുക്കും.
ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) ഇ. അനിതകുമാരി, പയ്യോളി നഗരസഭ സെക്രട്ടറി എം. വിജില, കൊയിലാണ്ടി തഹസിൽദാർ എസ്. ജയശ്രീ വാര്യർ, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ, തിക്കോടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ. സന്ദീപ്, മൂടാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. ജിജി, ഡി.ടി.പി.സി സെക്രട്ടറി ടി. നിഖിൽദാസ്, പയ്യോളി എസ്.ഐ വി. പ്രകാശൻ എന്നിവർ പങ്കെടുത്തു.
സന്ദർശകരെ നിയന്ത്രിച്ച് തീരദേശ പൊലീസ്
പയ്യോളി: ദുരന്തമുണ്ടായി ഒരാഴ്ച പിന്നിടുന്ന തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിലെത്തുന്ന സന്ദർശകർക്ക് കർശന നിയന്ത്രണമേർപ്പെടുത്തി പൊലീസ്. സന്ദർശകരെ ആരെയും കടലിൽ ഇറങ്ങാൻ അനുവദിക്കാതെ പൊലീസ് തികഞ്ഞ ജാഗ്രത പുലർത്തുന്നുണ്ട്.
അപ്രതീക്ഷിതമായി കടൽ ഉൾവലിയുന്നതും പിന്നീട് ശക്തമായ തിരമാലയുണ്ടാവുന്നതും അപകട സാധ്യത വർധിപ്പിക്കും. നാലുപേർ ദുരന്തത്തിൽപെടാനുള്ള പ്രധാന കാരണവും ഇതാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. കൂടാതെ, തീരത്തോട് അടുപ്പിച്ചിട്ടുള്ള പെട്ടെന്ന് കാഴ്ചയിൽപ്പെടാത്ത ചെറുപാറക്കെട്ടുകളും കടലിലേക്ക് ഇറങ്ങുന്നവർക്ക് ഏറെ ഭീഷണിയാണ്.
അവധി ദിനമായ ഇന്നലെ ഞാറാഴ്ചയും തീരദേശ പൊലീസിനെ കൂടാതെ പയ്യോളി പൊലീസും സ്ഥലത്തെത്തിയിരുന്നു. തീരദേശ പൊലീസിന്റെ രണ്ട് ഉദ്യോഗസ്ഥർ എല്ലാദിവസവും തീരത്ത് കാവലുണ്ടാവും.
വാഹനങ്ങൾ എല്ലാ ഭാഗത്ത് നിന്നും കടൽകരയിലേക്ക് പ്രവേശിക്കുന്നത് പൊലീസിന് ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഒരു വശത്തൂടെ തീരത്തേക്ക് പ്രവേശിച്ച് മറ്റൊരു വശത്തൂടെ വാഹനങ്ങൾ പുറത്തേക്ക് പോകുന്ന രീതിയിൽ ക്രമീകരണം ഏർപ്പെടുത്തണമെന്നാണ് പൊതുവേയുള്ള ആവശ്യം.