മർദനമേറ്റ് അന്തർസംസ്ഥാന തൊഴിലാളി ആശുപത്രിയിൽ
text_fieldsതിരുവമ്പാടി: മാല മോഷണം ആരോപിച്ച് കൂടരഞ്ഞിയിൽ അന്തർ സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം. അസം സ്വദേശി മൊമിനുൽ ഇസ്ലാമിനാണ് മർദനമേറ്റത്. പരിക്കേറ്റ ഇയാളെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലുടമയുടെ പ്രകൃതി വിരുദ്ധ പീഡനം പുറത്തറിയാതിരിക്കാൻ തൊഴിലാളിയെ മാല മോഷ്ടാവാക്കി ചിത്രികരിച്ച് കൂട്ട മർദനത്തിന് ഇരയാക്കുകയായിരുന്നുവത്രെ.
രാവിലെ എട്ടുമണിക്ക് ജോലിക്ക് കൊണ്ടുപോയ തൊഴിലുടമ ഉച്ചക്ക് രണ്ടോടെ തൊഴിലാളിയോട് കുളിച്ച ശേഷം തന്റെ മുറിയിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ചികിത്സയിലുള്ള യുവാവ് പറഞ്ഞു. മുറിയിലെത്തിയ തൊഴിലാളിയോട് ശരീരം മസാജ് ചെയ്യാൻ തൊഴിലുടമ ആവശ്യപ്പെട്ടു. തുടർന്ന് പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചപ്പോൾ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നുവത്രെ.
ഇതോടെ പൊലീസുമായി യുവാവിന്റെ മുറിയിലെത്തിയ തൊഴിലുടമ മർദിക്കുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. രണ്ട് പൊലിസുകാരും മർദനത്തിൽ പങ്ക് ചേർന്നതായി ആരോപണമുണ്ട്. മർദനമേറ്റ യുവാവ് ചികിൽസ തേടിയതോടെ പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.


