മേലെ പൊന്നാങ്കയത്ത് ജനം പുലിഭീതിയിൽ
text_fieldsRepresentational Image
തിരുവമ്പാടി: ജനവാസ മേഖലയായ പുല്ലൂരാംപാറ മേലെ പൊന്നാങ്കയം പുലി ഭീതിയിൽ. ഞായറാഴ്ച രാത്രി പ്രദേശത്ത് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. നിരീക്ഷണത്തിന് കാമറ സ്ഥാപിക്കും.നേരത്തേ പ്രദേശവാസികളായ നെല്ലിമൂട്ടിൽ സന്തോഷ്, എളയിച്ചിക്കാട്ട് പുരുഷൻ എന്നിവർ ടാപ്പിങ് നടത്തുമ്പോൾ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടിരുന്നു.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പ്രദേശം സന്ദർശിച്ചു. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ. എ. അബ്ദുറഹ്മാൻ, അംഗങ്ങളായ റോബർട്ട് നെല്ലിക്ക തെരുവിൽ, രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, മില്ലി മോഹൻ, സോണി മണ്ഡപത്തിൽ, പുരുഷൻ നെല്ലിമൂട്ടിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
മുന്തിത്തോട് റവന്യൂ ഭൂമിയിൽ പുലിയെ കണ്ടതായി കുട്ടികൾ
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ മുന്തിത്തോട് റവന്യൂ ഭൂമിയിൽ കളിക്കുന്ന സമയത്ത് പുലിയെ കണ്ടതായി കുട്ടികൾ. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ കെ. ബിനീത്, സി.കെ. മുജീബ്, ടി.കെ. സുധീരൻ, ആബിദ് കുമാരനെല്ലൂർ, ആസിഫ് മൊബിഹോം, മുജീബ് ചേപ്പാലി, ശശി മാങ്കുന്നുമ്മൽ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. ആസിഫ് മോബി ഹോമിന്റെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ചും സ്ഥലം പരിശോധിച്ചു.
വല്ലത്തായിപ്പാറയിൽ കൂട് സ്ഥാപിക്കും -ഡി.എഫ്.ഒ
മുക്കം: നാട്ടുകാർ പുലിയെ കണ്ടെന്നു പറയുന്ന കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറയിൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് കോഴിക്കോട് ഡി.എഫ്.ഒ യു. ആഷിക്ക് അലി പറഞ്ഞു.കാരശ്ശേരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ തുടർച്ചയായി പുലിയെ കണ്ട സാഹചര്യത്തിൽ പഞ്ചായത്തിൽ വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് ഡി.എഫ്.ഒ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ കടുവ സംരക്ഷണ മാർഗനിർദേശ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ച ശേഷമാണ് കൂട് സ്ഥാപിക്കുക.ഇതിനുള്ള നടപടിക്രമങ്ങൾ ഇന്ന് ആരംഭിക്കും.
കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ ഡി.എഫ്.ഒയുടെ സാന്നിധ്യത്തിൽ നടന്ന യോഗം
പ്രദേശത്ത് നാട്ടുകാർ കണ്ടത് പുലിയാണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. നേരത്തെ വല്ലത്തായിപ്പാറയിൽ കണ്ട പുലിയുടേതെന്ന് പറഞ്ഞ് പ്രചരിച്ച വിഡിയോ വ്യാജമാണ്. വിഡിയോ കാണിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് താൻ കാട്ടുപൂച്ചയാണെന്ന് പറഞ്ഞത്. നിലവിൽ മൂന്ന് കാമറയാണ് സ്ഥാപിച്ചത്. കാമറകളുടെ എണ്ണം കൂട്ടും. നൈറ്റ് പട്രോളിങ്ങും പരിശോധനയും തുടരുമെന്നും ഡി.എഫ്.ഒ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി, വാർഡ് മെംബർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.