പുനരുദ്ധാരണ പ്രവൃത്തിയില്ല; പുല്ലൂരാംപാറയിൽ തടയണകൾ നശിക്കുന്നു
text_fieldsപുല്ലൂരാംപാറ മുരിങ്ങയിൽ പാലത്തിന് സമീപത്തെ നാശോന്മുഖമായ തടയണ
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ പുല്ലൂരാംപാറയിൽ ജലസംരക്ഷണത്തിനായി നിർമിച്ച തടയണകൾ പുനരുദ്ധാരണ പ്രവൃത്തി നടത്താത്തത് കാരണം നശിക്കുന്നു. പുല്ലൂരാംപാറ മുരിങ്ങയിൽ പാലത്തിന് സമീപമുള്ള തടയണ ഉൾപ്പെടെയാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.
ലക്ഷങ്ങൾ ചെലവഴിച്ച് പണിത തടയണകളാണ് പാഴാകുന്നത്. കുടിവെള്ള ക്ഷാമം നിലനിൽക്കവെയാണ് ജലസേചന വകുപ്പ് പദ്ധതിയിൽ നിർമിച്ച ജലസംരക്ഷണ തടയണകൾ അവഗണിക്കുന്നത്. ജലസേചന വകുപ്പ് നിർമിച്ച തടയണകളുടെ പുനരുദ്ധാരണത്തിന് സാങ്കേതിക തടസ്സമുണ്ടെന്നാണ് ഗ്രാമപഞ്ചായത്ത് നിലപാട്. തടയണകൾ കാര്യക്ഷമമായി പുനർനിർമിക്കണമെന്ന് കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജിതിൻ പല്ലാട്ട്, ജുബിൻ മണ്ണുകുശുമ്പിൽ, ഗോപിനാഥൻ മുത്തേടം, ബേബിച്ചൻ കൊച്ചുവേലിക്കകത്ത്, ഷിബിൻ കുരിക്കാട്ടിൽ, സോണി മണ്ഡപത്തിൽ, സജോ പടിഞ്ഞാറേകുറ്റ് എന്നിവർ സംസാരിച്ചു.