മാവേലിക്കസ് 2025 ഓണാഘോഷങ്ങൾക്ക് വർണത്തുടക്കം
text_fieldsകോഴിക്കോട്: വർണ വെളിച്ചത്തിൽ മിന്നിത്തിളങ്ങി കോഴിക്കോട് മാനാഞ്ചിറ സ്ക്വയർ. സംസ്ഥാന സര്‍ക്കാറിന്റെ ഓണാഘോഷമായ മാവേലിക്കസ് -2025ന്റെ ഭാഗമായാണ് മാനാഞ്ചിറ സ്ക്വയർ ദീപാലംകൃതമായത്. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.
മാനാഞ്ചിറ കേന്ദ്രീകരിച്ചാണ് ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോർപറേഷന്റെയും ആഭിമുഖ്യത്തിൽ നഗരത്തിൽ ദീപാലങ്കാരമൊരുക്കിയത്. ഇതിന് പുറമെ, എസ്.എം സ്ട്രീറ്റ്, കോഴിക്കോട് ബീച്ച്, സ്റ്റേറ്റ് ബാങ്ക്, എൽ.ഐ.സി, മലബാർ പാലസ് കെട്ടിടങ്ങൾ, പഴയ കോർപറേഷൻ കെട്ടിടം, ടൗൺഹാൾ, ബേപ്പൂര്‍, മാങ്കാവ്, മാവൂര്‍ റോഡ്, കടപ്പുറം, നഗരത്തിലെ മേൽപാലങ്ങൾ എന്നിവയാണ് ദീപം കൊണ്ട് അലങ്കരിച്ചത്. സെപ്റ്റംബർ ഏഴുവരെ ദീപഭംഗി ആസ്വദിക്കാൻ അവസരമുണ്ടാകും.
കെ.എം. സച്ചിൻ ദേവ് എം.എൽ.എ മുഖ്യാതിഥിയായി. മേയർ ഡോ. ബീന ഫിലിപ്പ്, കെ. അബൂബക്കർ, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, ടൂറിസം വകുപ്പ് ജോയന്റ് ഡയറക്ടര്‍ ഡി. ഗിരീഷ് കുമാര്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
നീന്തൽ മത്സരവും വടംവലി മത്സരവും
കുറ്റിച്ചിറ സംഘാടക സമിതി നടത്തുന്ന നീന്തൽ മത്സരവും വടംവലി മത്സരവും ബുധനാഴ്ച രാവിലെ എട്ടിനും മൈലാഞ്ചി മത്സരം ഉച്ചക്ക് മൂന്നിനും നടക്കും.