ഇന്നത്തെ കണക്ക് പരീക്ഷക്ക് അജയ് വരില്ല; നിറമിഴികളോടെ യാത്രാമൊഴി
text_fieldsതിരുവമ്പാടി: തിങ്കളാഴ്ച രാവിലെ 9.30ന് തുടങ്ങുന്ന എസ്.എസ്.എൽ.സി കണക്ക് പരീക്ഷ എഴുതാൻ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ക്ലാസ് മുറിയിലേക്ക് അജയ് ഷിബു എത്തില്ല. കണക്ക് പരീക്ഷക്ക് ഒരുങ്ങാനുള്ള സ്പെഷൽ ക്ലാസും കഴിഞ്ഞ് സഹപാഠികൾക്കൊപ്പം സ്കൂളിൽനിന്ന് മടങ്ങിയ അജയ് ഷിബു ശനിയാഴ്ച ഉച്ചക്കാണ് സമീപത്തെ പുഴയിൽ മുങ്ങിമരിച്ചത്. കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. അപകട വിവരമറിഞ്ഞ് നാട്ടുകാർ പുഴയിലിറങ്ങി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ശ്രമം വിഫലമായി.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഞായറാഴ്ച പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെത്തിച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരും നിറമിഴികളോടെ വിട നൽകി. തിരുവമ്പാടി ഒറ്റപ്പൊയിൽ ഗ്രാമപഞ്ചായത്ത് പൊതു ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.