പെരുമ്പൂളയിൽ കിണറ്റിൽ പുലിയെന്ന്; വനപാലകർ പരിശോധന നടത്തി
text_fieldsതിരുവമ്പാടി: കൂടരഞ്ഞി പെരുമ്പൂളയിൽ സ്വകാര്യ പറമ്പിലെ കിണറ്റിൽ പുലിയെ കണ്ടതായി സ്ഥലമുടമ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ആർ.ആർ.ടിയും അഗ്നിരക്ഷ സേനയും പൊലീസും സ്ഥലത്ത് പരിശോധന നടത്തി. കിണറ്റിലെ വലിയ മാളത്തിന്റെ പുറത്ത് പുലിയുടെ വാൽ കണ്ടതായി സ്ഥലമുടമ കുര്യൻ അറിയിക്കുകയായിരുന്നു.
ബുധനാഴ്ച പുലർച്ച ശബ്ദം കേട്ടതിനെ തുടർന്നാണ് കുര്യനും നാട്ടുകാരും കിണറ്റിൽ നോക്കിയത്. ജീവിയെ കണ്ടെത്താൻ ബുധനാഴ്ച വൈകീട്ട് വരെ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. മാധ്യമപ്രവർത്തകൻ റഫീക്ക് തോട്ടുമുക്കം കാമറ കിണറ്റിലിറക്കി ദൃശ്യം പകർത്തിയെങ്കിലും കണ്ടെത്താനായില്ല. കിണറ്റിലെ ദൃശ്യത്തിനായി വനംവകുപ്പ് കാമറ സ്ഥാപിച്ചു.
ഡി.എഫ്.ഒ ആശിഖ് അലി, താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസർ പ്രേം ഷമീർ, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. കിണറ്റിലെ പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടെത്താനുള്ള ശ്രമം വ്യാഴാഴ്ച രാവിലെ വനപാലകർ പുനരാരംഭിക്കും.


