കാട്ടുപന്നി ആക്രമണം: കൂടരഞ്ഞിയിൽ കാൽനടയാത്രികക്ക് പരിക്ക്
text_fieldsതിരുവമ്പാടി: ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും കാട്ടുപന്നി ആക്രമണം. കൂടരഞ്ഞി കൽപ്പിനിയിൽ കാട്ടുപന്നി ആക്രമണത്തിൽ കാൽനട യാത്രികയായ യുവതിക്ക് പരിക്കേറ്റു. കൽപ്പിനി പുറക്കാട്ട് ബിൻസിറോയിയെയാണ് കാട്ടുപന്നി ഇടിച്ചിട്ടത്. നിലത്ത് വീണാണ് ഇവർക്ക് കൈക്ക് പരിക്കേറ്റത്.
തിരുവമ്പാടിയിൽ ജോലിക്ക് പോകാനായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടന്ന് പോകവെയാണ് കാട്ടുപന്നി ആക്രമിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ ഇവർ ആശുപത്രി വിട്ടു. വനംവകുപ്പ് പുലി സാന്നിധ്യം സ്ഥിരികരിച്ച പെരുമ്പൂള കൂരിയോട് മേഖലയോട് ചേർന്ന പ്രദേശമാണ് കൽപ്പിനി. തിരുവമ്പാടി മറിയപ്പുറത്തും കാട്ടുപന്നി കർഷകരെ ആക്രമിക്കാൻ ശ്രമിച്ചു. മറിയപ്പുറം അടുക്കത്തിൽ സുലൈഖയാണ് പന്നിയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്.
ഇവരുടെ മരച്ചീനി കൃഷി പന്നി നശിപ്പിച്ചു. മറിയപ്പുറം കുയിലൻതൊടി സെയ്തലവി യുടെ കൃഷിയും കാട്ടുപന്നി വ്യാപകമായി നശിപ്പിച്ചു. ചേമ്പ്, കൂർക്ക, മരച്ചീനി, കൂവ തുടങ്ങിയവ പന്നി മറിച്ചിട്ടു. കാട്ടുപന്നി ആക്രമണത്തിൽ നിന്ന് ജനങ്ങൾക്കും കൃഷിയിടങ്ങൾക്കും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആർ.ജെ.ഡി ജില്ല സെക്രട്ടറി വിൽസൺ പുല്ലുവേലി ആവശ്യപ്പെട്ടു. ആക്രമണത്തിനിരയായ സ്ത്രീക്കും കൃഷി നാശമുണ്ടായ കർഷകർക്കും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.