അച്ഛനുവേണ്ടി വോട്ടുതേടി നാലാം ക്ലാസുകാരി
text_fieldsഉള്ള്യേരി: ക്രിസ്മസ് പരീക്ഷയുടെ ആകുലതകളൊന്നും നാലാം ക്ലാസുകാരി തന്മിഖക്ക് ഇല്ല. അവളുടെ മനസ്സിലിപ്പോൾ അച്ഛന്‍റെ 'പരീക്ഷ' മാത്രമാണ്. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും 19ാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥിയുമായ ഷാജു ചെറുക്കാവിലിന്റെ കന്നൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മകൾ തന്മിഖ. എൺപതു വയസ്സുള്ള അമ്മാളു അമ്മയായാണ് തന്മിഖ വോട്ടർമാർക്ക് മുന്നിൽ തിമർത്തഭിനയിക്കുന്നത്.
സംസ്ഥാന സർക്കാറിന്റെ പെൻഷൻ പദ്ധതികളും ചികിത്സാ രംഗത്തെ നേട്ടങ്ങളും കോവിഡ് അതിജീവനവും റോഡും പാലവും ഹരിതകർമസേനയും ലൈഫ് മിഷനുമൊക്കെ വിശദീകരിച്ച് അമ്മാളു അമ്മ നടന്നു നീങ്ങുമ്പോൾ കാണികൾ നിറഞ്ഞ കൈയടിയാണ് നൽകുന്നത്. ഉള്ള്യേരി ഗവ. എൽ.പി. സ്‌കൂൾ വിദ്യാർഥിനിയായ തന്മിഖ കലോത്സവ വേദികളിൽ മോണോ ആക്ടിലും നൃത്തത്തിലും മികവ് തെളിയിച്ചിട്ടുണ്ട്. ഡോക്ടർ പി. സുരേഷ് രചിച്ച് പി.എസ്. നിവേദ് ചിട്ടപ്പെടുത്തിയ ഏകാംഗ നാടകം തുടർ ദിവസങ്ങളിൽ മറ്റു വാർഡുകളിലെയും വോട്ടർമാർക്ക് മുന്നിലെത്തും.


