അന്തർ ജില്ല സ്ഥലംമാറ്റം ലഭിച്ച 78 അധ്യാപകരെ തിരിച്ചയക്കാൻ ഉത്തരവ്
text_fieldsഉള്ള്യേരി: കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽനിന്ന് 2016-17, 2017-18 അധ്യയന വർഷങ്ങളിൽ സ്ഥലംമാറ്റം ലഭിച്ച് കോഴിക്കോട് ജില്ലയിൽ ജോലി ചെയ്തുവരുന്ന 78 പ്രൈമറി അധ്യാപകരെ മാതൃ ജില്ലകളിലേക്ക് തിരിച്ചയക്കാൻ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ്. ഏപ്രിൽ എട്ടിനുമുമ്പ് ഇവരെ തിരിച്ചയക്കാനാണ് നിർദേശം.
ജില്ലയിൽ 18.02.2013 മുതൽ 13.12.2016 വരെ കാലാവധിയുണ്ടായിരുന്ന യു.പി.എസ്.ടി ലിസ്റ്റിൽപെട്ട ഏതാനും ഉദ്യോഗാർഥികൾ ഫയൽ ചെയ്ത കേസിലെ ഹൈകോടതി ഉത്തരവിനെത്തുടർന്നാണ് നടപടി. 2016 ജൂലൈ 15ന് ജില്ലയിൽ നിലവിലുള്ള 84 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദേശം ഉണ്ടായിരുന്നുവെന്നും എന്നാൽ, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട തങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ഒഴിവുകളിലേക്ക് അന്തർജില്ല സ്ഥലംമാറ്റം മുഖേന നിയമിച്ചുവെന്നും കാണിച്ചാണ് ഇവർ കേസ് നൽകിയത്.
ഹൈകോടതി ഉത്തരവിനുശേഷവും വിധി നടപ്പാക്കിയില്ലെന്ന് കാണിച്ച് ഹരജിക്കാർ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജിയിൽ വിദ്യാഭ്യാസ ഉപഡയറക്ടർ കഴിഞ്ഞ ദിവസം ഹൈകോടതിയിൽ ഹാജരായിരുന്നു.
എന്നാൽ, ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തിരിച്ചുപോകേണ്ടിവരുന്ന അധ്യാപകരുടെ തീരുമാനം. അടുത്ത ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലേക്ക് കടക്കുമെന്ന് അധ്യാപകർ പറഞ്ഞു. തങ്ങളെ തിരിച്ചയക്കുമ്പോൾ തങ്ങൾക്കുശേഷം സ്ഥലംമാറ്റം ലഭിച്ച ജൂനിയറായ അധ്യാപകർ ജില്ലയിൽ തുടരുന്ന സാഹചര്യമാണ് ഉള്ളതെന്നും മാതൃജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് പോകേണ്ടിവരുമെന്ന അവസ്ഥ ഉണ്ടാവുമെന്നും ഇവർ പറയുന്നു.
നിലവിലെ പ്രതിസന്ധിക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നും പ്രസ്തുത വർഷത്തിൽ സ്റ്റാഫ് ഫിക്സേഷൻ നടത്തിയശേഷം ഉണ്ടായ ഒഴിവിൽ അന്തർജില്ല സ്ഥലംമാറ്റത്തിന് നീക്കിവെച്ച ഒഴിവിലാണ് സ്ഥലം മാറിവന്നതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. മാത്രവുമല്ല, ആ കാലയളവിൽ സ്ഥലംമാറ്റത്തിനു ശേഷവും ഒഴിവുകൾ ഉണ്ടായിരുന്നുവെന്നും അധ്യാപകർ സൂചിപ്പിച്ചു.
തിരികെ പോകേണ്ടിവന്നാൽ സീനിയോറിറ്റി പുനഃസ്ഥാപിച്ചുകിട്ടുമോ എന്നതടക്കമുള്ള സങ്കീർണതകളും നിലനിൽക്കുന്നുണ്ട്. ഈ ജില്ലകളിൽ നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് നിയമനം പ്രതീക്ഷിച്ചിരിക്കുന്ന അധ്യാപകരിലും ഇത് ഏറെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.