ദിവസവും നിരവധി തവണ അപ്രഖ്യാപിത ലോഡ് ഷെഡിങ്; കനത്ത ചൂടിൽ പൊറുതിമുട്ടി ജനം
text_fieldsകുന്ദമംഗലം : ദിവസവും നിരവധി തവണ അപ്രഖ്യാപിത ലോഡ് ഷെഡിങ്. കഴിഞ്ഞ ദിവസം 20 മിനിറ്റ് നീണ്ടു നിൽക്കുന്ന ലോഡ് ഷെഡിങ് മൂന്ന് തവണയാണ് പ്രദേശത്ത് പലയിടത്തും ഉണ്ടായത്. കൂടാതെ പല സമയങ്ങളിലും വൈദ്യുതി പോകുന്നത് പതിവാകുകയാണ്.
കൊടുംചൂട് അനുഭവപ്പെടുന്ന സമയത്തുണ്ടാകുന്ന അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിൽ നാട്ടുകാർ ദുരിതത്തിലായിരിക്കുകയാണ്. രാത്രി കാലങ്ങളിൽ രോഗികൾ, കുട്ടികൾ, പ്രായമായവർ തുടങ്ങി നിരവധിയാളുകളാണ് വൈദ്യുതി മുടങ്ങുമ്പോൾ കനത്ത ചൂടിൽ പ്രയാസപ്പെടുന്നത്.
മിക്ക വീടുകളും കോൺക്രീറ്റ് ആയതിനാൽ എ.സിയോ ഫാനോ ഉപയോഗിക്കാതെ ചൂടിൽ കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം അർധ രാത്രിയിലും പുലർച്ചെ വരെയും വൈദ്യുതി പോകുന്ന അവസ്ഥയുണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.
വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ എത്തിയതിനാൽ ചില ഫീഡറുകളിൽ ഓവർ ലോഡ് കാരണമാണ് വൈദ്യുതി ഓഫ് ആക്കുന്നത് എന്നാണ് ബന്ധപ്പെട്ടവരുടെ ഭാഷ്യം. ദിവസത്തിൽ പല തവണയായുള്ള അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലൂടെ ജനങ്ങൾ ഏറെ ദുരിതം അനുഭവിക്കുകയാണെന്നും കൊടുംചൂടിൽ വൈദ്യുതി നിലക്കുന്നതിന് അധികൃതർ പരിഹാരം കാണണമെന്നും പ്രദേശത്തെ തനിമ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എൻ.കെ. നാസർ പറഞ്ഞു.


