കോഴിക്കോട്-മാനന്തവാടി റൂട്ടിൽ 12 പുതിയ കെ.എസ്.ആർ.ടി.സി സർവിസുകൾ
text_fieldsവടകര: പൊതുഗതാഗത സംവിധാനത്തിന്റെ കുറവ് കാരണം ഗതാഗത പ്രതിസന്ധി നേരിടുന്ന കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടിൽ 12 പുതിയ കെ.എസ്.ആർ.ടി.സി സർവിസുകൾ അനുവദിക്കാൻ തീരുമാനമായി. രാത്രികാലങ്ങളിൽ ഉൾപ്പെടെ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വടകരയിൽനിന്ന് കുറ്റ്യാടി വഴി മൈസൂരുവിലേക്ക് പുതിയ ബസ് സർവിസുകൾ വേണമെന്ന ആവശ്യവും മന്ത്രിക്ക് മുന്നിൽ സമർപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി കൺട്രോളിങ് ഇൻസ്പെക്ടർ വി.എം. ഷാജി, എ.ടി.ഒ രഞ്ജിത്ത്, ഇൻസ്പെക്ടർ ഇൻ ചാർജ് എസ്. ഷിബു എന്നിവരുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേരുകയും പുതിയ സർവിസുകൾ ആരംഭിക്കാൻ തീരുമാനിക്കുകയുമായിരുന്നു. വടകര-കുറ്റ്യാടി-മാനന്തവാടി-മൈസൂരു റൂട്ടിലേക്ക് പുതിയ സർവിസ് തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കും. അതിരാവിലെ വടകരയിൽനിന്ന് ആരംഭിച്ച് രാവിലെ 10ഓടെ മൈസൂരുവിലെത്തുന്ന രീതിയിലാണ് ഇതിന്റെ സമയം ക്രമീകരിക്കുന്നത്.
മണിയൂർ, വേളം ഗ്രാമപഞ്ചായത്തുകളിലെ ഗതാഗതപ്രശ്നങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. വടകരയിൽനിന്ന് മണിയൂരിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിച്ചതായി കൺട്രോളിങ് ഇൻസ്പെക്ടർ യോഗത്തെ അറിയിച്ചു. പുറമേരി ഗ്രാമപഞ്ചായത്തിൽ ഗ്രാമവണ്ടി സർവിസ് നടപ്പാക്കിയതോടെ അവിടുത്തെ യാത്രാക്ലേശത്തിന് പരിഹാരമായിട്ടുണ്ട്. പുതിയ ബസുകൾ ലഭ്യമാക്കുന്നതിനും ആവശ്യത്തിന് കണ്ടക്ടർമാരെ നിയമിക്കുന്നതിനും ഗതാഗത മന്ത്രിയോട് അഭ്യർഥിക്കാനും യോഗത്തിൽ തീരുമാനിച്ചതായി എം.എൽ.എ അറിയിച്ചു.


