സാമൂഹികവിരുദ്ധർക്ക് പിടിവീഴും; വടകര നഗരം കാമറക്കണ്ണിലേക്ക്
text_fieldsവടകര പുതിയ സ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ച കാമറ
വടകര: വടകര നഗരത്തിന് സുരക്ഷയൊരുക്കാൻ കാമറ കണ്ണുകൾ സജ്ജമാകുന്നു. റോഡ് സുരക്ഷ, മയക്കുമരുന്ന് വ്യാപനം, മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തൽ, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ തുടങ്ങിയ ലക്ഷ്യവുമായി വടകര നഗരസഭയാണ് പദ്ധതി നടപ്പാക്കുന്നത്.
നഗരം മുഴുവൻ സദാസമയവും നിരീക്ഷണ വലയത്തിലാക്കാൻ 20 കാമറകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. ഇതിന്റെ തുടർപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
നഗരസഭയുടെ പുതിയ ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സ് കേന്ദ്രീകരിച്ച് പ്രവർത്തനം ഏകോപിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് കാമറകൾ സ്ഥാപിച്ചത്. ഇവയുടെ തുടർപ്രവർത്തനം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ നഗരസഭ ബജറ്റിൽ 20 ലക്ഷം വകയിരുത്തിയിട്ടുണ്ട്.
നഗരത്തിൽ കൊലപാതകം, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ഉൾപ്പെടെ നടക്കുമ്പോൾ കാമറകൾ ഇല്ലാത്തത് പൊലീസ് അന്വേഷണത്തിന് വിലങ്ങുതടിയായിരുന്നു. കടകളിലുള്ള സി.സി.ടി.വി കാമറകളെയാണ് പലപ്പോഴും പൊലീസ് ആശ്രയിക്കുന്നത്. കടകളിൽ സ്ഥാപിച്ച കാമറകൾ പലതും തകരാറിലാവുന്നത് ഏറെ ബുദ്ധിമുട്ടുകൾക്കിടയാക്കുക പതിവാണ്. അതിനാൽ, അക്രമികൾക്കും മോഷ്ടാക്കൾക്കും പലപ്പോഴും രക്ഷപെടാവുന്ന അവസ്ഥയാണ് നിലവിലുള്ളത്.
സമീപത്തെ ചെറു ടൗണുകളടക്കം കാമറ വലയത്തിലായിട്ടും നഗരത്തിൽ സ്ഥാപിക്കാത്തതിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. കാമറ മിഴിതുറക്കുന്നതോടെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഏറെ ഉപകാരപ്രദമാവും.
മാലിന്യപ്രശ്നത്തിൽ നഗര സഭക്ക് കാമറ മുതൽ കൂട്ടാവും. മാലിന്യ നിർമാർജന യജ്ഞത്തിൽ ഏറെ മുന്നോട്ടുപോയ നഗരസഭ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പൊതുസ്ഥലത്ത് മാലിന്യം തള്ളി കടന്നുകളയുന്നത്.
ഇതിന് തടയിടുക കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് വർഷ വാറണ്ടിയോട് കൂടിയാണ് കമ്പനി കാമറകൾ സ്ഥാപിച്ചത്.