വടകര റെയിൽവേ സ്റ്റേഷനിൽ അനധികൃത പാർക്കിങ്ങിന് ചങ്ങലപ്പൂട്ട്
text_fieldsവടകര റെയിൽവേ സ്റ്റേഷൻ റോഡിൽ അനധികൃതമായി പാർക്ക് ചെയ്ത ബൈക്കുകൾ ചങ്ങലയിൽ കോർത്ത് പൂട്ടിയ നിലയിൽ
വടകര: റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്താൽ ചങ്ങലപ്പൂട്ട് വീഴും. ആർ.പി.എഫ് റെയിൽവേ സ്റ്റേഷന്റെ ചുറ്റുപാടുമുള്ള റോഡിൽ അനധികൃത പാർക്കിങ് നിരോധിച്ച് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ബോർഡുകൾ അവഗണിച്ച് വാഹനങ്ങൾ പാർക്ക് ചെയ്താൽ വാഹനങ്ങൾ ചങ്ങലയിൽ കോർത്ത് പൂട്ടിയിടും.
വാഹന ഉടമകൾ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ ചങ്ങലപ്പൂട്ട് അഴിക്കണമെങ്കിൽ പിഴ ഒടുക്കേണ്ടിവരും. ആർ.പി.എഫ് കേസ് ചാർജ് ചെയ്താൽ റെയിൽവേ കോടതിയിലാണ് പിഴ ഒടുക്കേണ്ടത്. അമൃത് ഭാരത് പദ്ധതിയിൽ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി വിശാലമായ പാർക്കിങ് സൗകര്യം റെയിൽവേ ഒരുക്കിയിരുന്നു. പാർക്കിങ് സ്ഥലം കരാറെടുത്ത കമ്പനി നഷ്ടത്തിലായതോടെ കരാറിൽനിന്ന് പിന്മാറിയിരുന്നു. പിന്നാലെ മലപ്പുറം കേന്ദ്രമായ പുതിയ കരാറുകാർ ഏറ്റെടുക്കുകയുണ്ടായി.
ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ആയിരത്തിലധികം വാഹനങ്ങൾ സമീപത്തെ റോഡിൽ പാർക്ക് ചെയ്യുന്നതാണ് പാർക്കിങ് നഷ്ടത്തിലാകാൻ ഇടയാക്കുന്നതെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായാണ് അനധികൃത പാർക്കിങ്ങിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുന്നത്. പാർക്കിങ് വിലക്കി ആർ.പി.എഫ് സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചതായും പരാതിയുണ്ട്.
അതേസമയം, റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടിയതാണ് വാഹനങ്ങൾ പുറത്ത് പാർക്ക് ചെയ്യേണ്ടിവരുന്നതെന്നാണ് യാത്രക്കാർ പറയുന്നത്. സാധാരണക്കാർക്ക് താങ്ങുന്ന തരത്തിൽ ഫീസ് ഇളവ് നൽകിയാൽ പ്രശ്നത്തിന് ശാശ്വത പരിഹാരമാവുമെന്നാണ് യാത്രക്കാരുടെ പക്ഷം.