വടകര കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി യോഗത്തിൽ സംഘർഷം; രണ്ടു പേർക്ക് പരിക്ക്
text_fieldsവടകര കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി ജനറൽ ബോഡി യോഗത്തിലുണ്ടായ
സംഘർഷത്തിൽപെട്ട ആളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നു
വടകര: ടൗൺ ഹാളിൽ ചേർന്ന വടകര കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി ജനറൽ ബോഡി യോഗത്തിൽ സംഘർഷം. രണ്ട് പേർക്ക് പരിക്കേറ്റു. ഒരു വിഭാഗം ഡയറക്ടർമാരും ഷെയർ ഹോൾഡർമാരും തമ്മിലാണ് സംഘർഷമുണ്ടായത്.
വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. പരിക്കേറ്റ മണിയൂർ സ്വദേശി ആർ.പി കൃഷ്ണൻ, വേന്തലിൽ നാരായണൻ എന്നിവരെ വടകര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനറൽ ബോഡി യോഗത്തിന് ഒരു വിഭാഗം ഡയറക്ടർമാർ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു.
പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതിനിടെ 11 ഡയറക്ടർമാരിൽ നാലുപേർ സ്റ്റേജിൽ കയറി യോഗ നടപടി ആരംഭിച്ചു. ഇതിനിടെ, പൊലീസ് സംരക്ഷണ ആവശ്യപ്പെട്ട ഡയറക്ടർമാർ വേദിയിലേക്ക് വരുകയും ഇരുവിഭാഗവും തമ്മിൽ പോർ വിളിയും കൈയാങ്കളിയും ഉണ്ടാവുകയുമായിരുന്നു.
പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും ബലംപ്രയോഗിച്ച് മാറ്റി. ഇതിനിടെ, ജനറൽ ബോഡി യോഗം നടന്നതായി ഒരു വിഭാഗം പ്രഖ്യാപിച്ച് യോഗം പിരിച്ചുവിടുകയായിരുന്നു. മിനിറ്റ്സും അജണ്ടയുമില്ലാതെ നിയമവിരുദ്ധമായി ചില ഡയറക്ടർമാർ കമ്പനിയുടെ പേരിൽ യോഗം വിളിച്ചുചേർക്കുകയാണ് ഉണ്ടായതെന്നും വ്യവസ്ഥാപിതമായി നടത്തേണ്ട ജനറൽ ബോഡി യോഗം പല ഡയറക്ടർമാരെയും അറിയിച്ചില്ലെന്നും നിയമപരമായി നേരിടുമെന്ന് സംരക്ഷണ സമിതി പ്രവർത്തകരായ പി.എം. കുമാരൻ, എം.സി. ബാലകൃഷ്ണൻ, എം. അശോകൻ, കരിപ്പാലിൽ ചന്ദ്രൻ, ബാലറാം പുതുക്കുടി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.


