സ്കൂൾ ഗ്രൗണ്ടിൽ കെട്ടിടനിർമാണം; ഹൈകോടതിയുടെ സ്റ്റേ ഉത്തരവ് ലംഘിച്ചതായി പരാതി
text_fieldsപുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ കെട്ടിട നിർമാണത്തിന് മണ്ണുമാന്തി
ഉപയോഗിച്ച് കുഴിയെടുക്കുന്നു
വടകര: ഹൈകോടതി ഉത്തരവിന് വിരുദ്ധമായി പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കെട്ടിട നിർമാണം നടത്തുന്നതായി പരാതി. ഗ്രൗണ്ടിൽ സ്റ്റേഡിയം നിർമിക്കുന്നതിനെതിരെ നാട്ടുകാരുടെ കർമസമിതി നൽകിയ ഹരജിയിൽ നിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് വകവെക്കാതെ വെള്ളിയാഴ്ച മണ്ണുമാന്തി യന്ത്രം എത്തിച്ച് ഗ്രൗണ്ടിൽ കുഴിയെടുക്കൽ തുടങ്ങി.
കളിസ്ഥലം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ സ്റ്റേഡിയം സംരക്ഷണ സമിതി രൂപവത്കരിച്ചിരുന്നു. കർമസമിതി നൽകിയ കേസിൽ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സ്റ്റേഡിയത്തിൽ ഒരു നിർമാണവും പാടില്ലെന്ന് 2024 മാർച്ച് 18 ന് ഹൈകോടതി ഉത്തരവിട്ടിരുന്നു.
ഹൈകോടതി സ്റ്റേ ഉത്തരവ് പലതവണ നീട്ടുകയുമുണ്ടായി. ഒടുവിൽ 2025 ആഗസ്റ്റ് 11ന്റെ വിധിപ്രകാരം നിലവിലുള്ള ഇടക്കാല ഉത്തരവ് ഒക്ടോബർ 13വരെ നീട്ടിയതായി ഹൈകോടതി ജഡ്ജ് ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടിരുന്നു. കേസ് ഒക്ടോബർ 13ന് വീണ്ടും പരിഗണിക്കും. ഇതിനിടെയാണ് കെട്ടിടത്തിന് തൂൺ നിർമിക്കാനുള്ള പ്രവർത്തനങ്ങളുമായി അധികൃതർ മുന്നോട്ടുപോകുന്നത്.
ഹൈകോടതിയെ സമീപിക്കും
വടകര: പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്ക് ഹൈകോടതി സ്റ്റേ നിലനിൽക്കുമ്പോൾ പ്രവൃത്തിയുമായി മുന്നോട്ടുപോകുന്ന അധികൃതർക്കെതിരെ നാട്ടുകാരുടെ കർമ സമിതി ഹൈകോാടതിയെ സമീപിക്കും. സ്റ്റേഡിയം സംരക്ഷണ സമിതി പ്രവർത്തകർ പൊലീസിന്ഹൈകോടതി ഉത്തരവ് നൽകിയെങ്കിലും നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയായിരുന്നു.
കായിക പ്രേമികളെ വെല്ലുവിളിച്ച് കോടതി ഉത്തരവുകൾ കാറ്റിൽപറത്തി സ്റ്റേഡിയത്തിൽ കെട്ടിട നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന നടപടിയിൽ സ്റ്റേഡിയം സംരക്ഷണ സമിതി പ്രതിഷേധിച്ചു. യോഗത്തിൽ പുറന്തോടത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു .എടയത്ത് ശ്രീധരൻ, കെ.ടി.കെ. അജിത്, എൻ.എം.അഖിൽ, അശ്വിൻ സദാനന്ദൻ, കെ. ദിവാകരൻ, അനിൽ കാഞ്ഞിരമുള്ളതിൽ എന്നിവർ സംസാരിച്ചു.