ഫെഡൽ പോയിന്റുകൾ, ഏറുമാടം, സെൽഫി പോയന്റുകൾ: ഫാം ടൂറിസത്തിനൊരുങ്ങി ചിരണ്ടത്തൂർ ചിറ; നേട്ടം കർഷകർക്ക്; ആദ്യ ഘട്ടത്തിൽ ഒരു കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ
text_fields‘ഫാം ടൂറിസം’ പദ്ധതി നടപ്പിലാക്കുന്ന ചിരണ്ടത്തൂർ ചിറ
വടകര: മണിയൂർ ചിരണ്ടത്തൂർ ചിറയിലെ കതിരണിയും പാടത്തിന്റെ മുഖം മാറും വിധം ഫാം ടൂറിസത്തിന് പദ്ധതിയൊരുങ്ങി. കുറ്റ്യാടി പുഴയുടെ തീരത്ത് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നെൽപ്പാടങ്ങളാൽ സമൃദ്ധമായ ചിരണ്ടത്തൂർ ചിറയിൽ കർഷകർക്ക് അനുഗ്രഹമാവുന്നതരത്തിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 150 മീറ്റർ ദൂരത്തിലാണ് നിർമാണം നടത്തുക. ഘട്ടം ഘട്ടമായി പദ്ധതി വിപുലീകരിക്കും.
ചിരണ്ടത്തൂർ ചിറയുടെ പ്രവേശനകവാടമായ നെല്ലോളിത്താഴത്താണ് പ്രവൃത്തിക്ക് തുടക്കം. നെല്ലറയുടെ നടുത്തോട്ടിലൂടെ ഉല്ലാസയാത്രക്കായി പെഡൽ ബോട്ടുകൾ, ഇരുവശങ്ങളിലും സൗരോർജ വിളക്കുകൾ, സെൽഫി പോയന്റുകൾ, ഏറുമാടം, വിനോദസഞ്ചാരികൾക്ക് ആവശ്യമായ വിശ്രമകേന്ദ്രം തുടങ്ങിയ സൗകര്യങ്ങളാണ് ആദ്യഘട്ടത്തിൽ ഒരുക്കുക. ചെരണ്ടത്തൂർ ചിറയിലെ വരമ്പുകൾ കയർ ഭൂവസ്ത്രം ഉപയോഗിച്ച് ഗതാഗതയോഗ്യമാക്കും.
ഒരു കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ആദ്യം നടപ്പിലാക്കുക. 50 ലക്ഷം, എം.എൽ.എഫണ്ടിൽനിന്ന് 25 ലക്ഷം, ഗ്രാമ പഞ്ചായത്ത് 25 ലക്ഷം രൂപയും പദ്ധതിക്കായി കണ്ടെത്തും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുക.
പദ്ധതിക്ക് സൗജന്യമായി ഭൂമി വിട്ടുനൽകിയ കെ.സി. അബ്ദുൽ കരിം, സുനിൽകുമാർ തുഷാര, വിനോദ് ശ്രീമംഗലം എന്നിവരെ കെ.പി. കുഞ്ഞമ്മത് കുട്ടി എം.എൽ.എ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി. റീന, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീജ പുല്ലരൂൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജയപ്രഭ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ശരിധരൻ, കുയ്യണ്ടത്തിൽ ശശിധരൻ, പി.എം. അഷറഫ്, സി.പി. വിശ്വനാഥൻ, ഷൈന കരിയാട്ടിൽ, ആർ. സുഭാഷ്, പി. ഷിരാജ് എന്നിവർ സംസാരിച്ചു.