ഹോളി ആഘോഷത്തിനിടെ ലോഡ്ജിൽ കൂട്ടത്തല്ല്; അഞ്ചുപേർക്ക് പരിക്ക്
text_fieldsവടകര: ഹോളി ആഘോഷത്തിനിടെ ലോഡ്ജിൽ സംഘർഷം, അഞ്ചുപേർക്ക് പരിക്ക്. വടകര ദേശീയപാതയോട് ചേർന്ന പ്ലാനറ്റ് ലോഡ്ജിൽ സ്ഥിര താമസക്കാരായ ഇതര സംസ്ഥാനക്കാരും സമീപ മുറികളിൽ താമസക്കാരായ മലയാളികളുമാണ് ഏറ്റുമുട്ടിയത്. ഹോളി ആഘോഷത്തിനിടെ മദ്യപിച്ചവർ തമ്മിലുണ്ടായ വാക് തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
പരിക്കേറ്റ മൂന്ന് ഇതര സംസ്ഥാനക്കാരെയും തിരുനാവായ സ്വദേശികളായ അബ്ബാസ്, ഹക്കീം എന്നിവരെയും വടകര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കും കൈ കാലുകൾക്കുമാണ് ഇവർക്ക് പരിക്കേറ്റത്. സംഘട്ടനത്തിനിടെ മുറിയുടെ ജനൽ ചില്ലുകൾ തകർക്കുകയുണ്ടായി.
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വടകര പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി സംഘർഷം നിയന്ത്രിക്കുകയുമായിരുന്നു. ലോഡ്ജിൽ 29 മുറികളിലായി 40 ഓളം ഇതര സംസ്ഥാനക്കാർ താമസിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഹോളി ആഘോഷത്തിന് താമസക്കാർക്ക് പുറമെ പുറത്തുനിന്നുള്ള ഇതര സംസ്ഥാനക്കാരും ലോഡ്ജിൽ എത്തിയിരുന്നു. താമസക്കാരുടെ തിരിച്ചറിയൽ രേഖകൾ പൊലീസ് പരിശോധിച്ചു.