തൊട്ടുകൂടായ്മയുടെ ദോഷം തിരിച്ചറിഞ്ഞ ഏക സവർണഹിന്ദു ഗാന്ധി -രാമചന്ദ്രഗുഹ
text_fieldsവടകരയിൽ നടക്കുന്ന ഗാന്ധി ഫെസ്റ്റിൽ എസ്. ഗോപാലകൃഷ്ണനുമായുള്ള അഭിമുഖത്തിൽ
രാമചന്ദ്രഗുഹ സംസാരിക്കുന്നു
വടകര: ഹിന്ദുമതത്തിലെ തൊട്ടുകൂടായ്മയുടെ ദോഷം തിരിച്ചറിഞ്ഞ സവർണ ഹിന്ദു മഹാത്മാഗാന്ധി മാത്രമായിരുന്നുവെന്ന് ചരിത്രകാരൻ രാമചന്ദ്രഗുഹ അഭിപ്രായപ്പെട്ടു. തൊട്ടുകൂടായ്മയെ നിരന്തരം എതിർത്തത് ഗാന്ധിജി മാത്രമാണെന്നും കോൺഗ്രസിലെയും മറ്റ് പാർട്ടികളിലെയും നേതാക്കൾ ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. വടകരയിൽ നടക്കുന്ന ഗാന്ധി ഫെസ്റ്റിൽ എസ്. ഗോപാലകൃഷ്ണനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാമചന്ദ്രഗുഹ.
ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളൊന്നും സ്ത്രീക്ക് വലിയ സ്ഥാനം നൽകാത്ത സമയത്താണ് കോൺഗ്രസ് 1925ൽ സരോജിനി നായിഡുവിനെ പ്രസിഡന്റാക്കുന്നത്. ഇതിൽ ഗാന്ധിജി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ജീവിതത്തിനിടയിലാണ് തന്റെ പുരുഷാധിപത്യ മുൻവിധി ഗാന്ധി ഉപേക്ഷിച്ചത്.
ദലിതരോടുള്ള ഗാന്ധിയുടെ മനോഭാവം തെറ്റായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. പ്രകൃതിയെ നശിപ്പിക്കുമ്പോൾ നമ്മെ ദരിദ്രരാക്കുമെന്ന് ഗാന്ധിജി ഭയപ്പെട്ടിരുന്നു. ഇന്ന് പ്രകൃതി നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്. രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, കോൺട്രാക്ടർമാർ എന്നിവരുടെ അവിശുദ്ധ കൂട്ടുകെട്ടാണ് പരിസ്ഥിതിയെ ഇങ്ങനെയാക്കുന്നത്.
വിദഗ്ധ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ വളരെ ബുദ്ധിപൂർവകമായ ഒരു റിപ്പോർട്ട് നൽകി. എന്ത് വികസനം ചെയ്യണം, എന്ത് ചെയ്യരുത് എന്ന് ഇത് വിശദീകരിക്കുന്നു. എന്നാൽ, കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാറും കർണാടകയിലെ കോൺഗ്രസ് സർക്കാറും തമിഴ്നാട്ടിലെ ഡി.എം.കെയും ഗോവയിലെ ബി.ജെ.പിയുമെല്ലാം റിപ്പോർട്ട് നിരസിച്ചു.
ഇന്ന് നമ്മുടെ ജീവിതത്തെ നശിപ്പിക്കുന്നതും നമ്മുടെ കുട്ടികൾക്ക് അത് അസാധ്യമാക്കുന്നതും രാഷ്ട്രീയക്കാരും കോൺട്രാക്ടർമാരും വ്യവസായികളും ചേർന്ന അവിശുദ്ധ കൂട്ടുകെട്ടാണെന്നും അദ്ദേഹം പറഞ്ഞു. പി.കെ. രാമചന്ദ്രൻ, ശ്രീജേഷ് നാഗപ്പള്ളി എന്നിവർ സംസാരിച്ചു. രാമചന്ദ്രഗുഹ, എസ്. ഗോപാലകൃഷ്ണൻ എന്നിവരുടെ ചരിത്രവ്യക്തി, നാല് സംഭാഷണങ്ങൾ എന്ന പുസ്തകം ശബ്നം ഹശ്മി പ്രകാശനം ചെയ്തു. ഇ.വി. ലിജീഷ് ഏറ്റുവാങ്ങി.
ഗാന്ധിയെ കൂടുതൽ പഠിക്കേണ്ടതുണ്ട് –ശബ്നം ഹശ്മി
വടകര: ഗാന്ധിജി ഇന്ത്യൻ ജനതയെ സാമൂഹിക വിപ്ലവത്തിന് എങ്ങനെ മാറ്റിയെടുത്തുവെന്ന് പുതിയ കാലത്ത് നാം പഠിക്കേണ്ടതുണ്ടെന്ന് ശബ്നം ഹശ്മി. ഗാന്ധി ഫെസ്റ്റിൽ ‘ഗാന്ധി ആൻഡ് വുമൺ എൻവയൺമെന്റ്’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. സാമൂഹിക തിന്മകൾക്കെതിരെയുള്ള ഗാന്ധിജിയുടെ പോരാട്ടം പഠനവിധേയമാക്കേണ്ടതുണ്ട്. ഗാന്ധി ജനങ്ങളുടെ ഭാവനയെ എങ്ങനെയാണ് ഉപയോഗപ്പെടുത്തിയതെന്ന് നാം പഠിക്കണം. ആധുനിക സംവിധാനങ്ങളില്ലാത്ത കാലത്ത് സ്ത്രീ-പുരുഷ സമത്വത്തിന് അദ്ദേഹം ഇടപെട്ടു.
ഗാന്ധി ഫെസ്റ്റിൽ ‘ഗാന്ധി ആൻഡ് വുമൺ എൻവയൺമെന്റ്’ വിഷയത്തിൽ ശബ്നം ഹശ്മി സംസാരിക്കുന്നു
ഗാന്ധിജിക്ക് ഉണ്ടായിരുന്ന സൃഷ്ടിപരമായ കഴിവ് ഇന്ത്യയിൽ പിന്നീടുണ്ടായ നേതാക്കൾക്ക് ഉണ്ടായിട്ടില്ല. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി അണിനിരത്താൻ ഉപ്പ് സമരായുധമാക്കാൻ ഗാന്ധിക്ക് കഴിഞ്ഞു. ഉപവാസമെന്ന സമരരീതി രാജ്യത്താകമാനം കൊണ്ടുവരാനായി. ദലിത് പാർശ്വവത്കൃത സമൂഹങ്ങളെ അടക്കം സമരരംഗത്തെത്തിക്കാനുള്ള കഴിവ് ഗാന്ധിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അവർ പറഞ്ഞു. ഡോ. ടി. അപർണ അധ്യക്ഷത വഹിച്ചു. പ്രശാന്തി പറമ്പത്ത് സ്വാഗതവും വിമല കളത്തിൽ നന്ദിയും പറഞ്ഞു.