Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightവടകരയുടെ ചിത്രം...

വടകരയുടെ ചിത്രം തെളിഞ്ഞു; കെ.കെ. രമയും എം.കെ. ഭാസ്കരനും സ്ഥാനാർഥികൾ

text_fields
bookmark_border
വടകരയുടെ ചിത്രം തെളിഞ്ഞു; കെ.കെ. രമയും എം.കെ. ഭാസ്കരനും സ്ഥാനാർഥികൾ
cancel
camera_alt

കെ.​കെ. ര​മ, എം.​കെ. ഭാ​സ്ക​ര​ൻ

വടകര: നിയമസഭ തെരഞ്ഞെടുപ്പിൽ വടകരയിൽ യു.ഡി.എഫ് ആർ.എം.പി.ഐ ജനകീയ മുന്നണി സ്ഥാനാർഥിയായി കെ.കെ. രമ എം.എൽ.എ ഇത്തവണയും ജനവിധി തേടും. ആർ.ജെ.ഡിയിലെ എം.കെ. ഭാസ്കരനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി. ഭാസ്കരന്റേത് കന്നിയങ്കമാണ്. 2008ല്‍ ആര്‍.എം.പി.ഐയുടെ പിറവിയോടെ ടി.പി. ചന്ദ്രശേഖരനൊപ്പം പുതു രാഷ്ട്രീയ വഴിയിലെത്തിയ കെ.കെ. രമ 2012 മേയ് നാലിനു ടി.പി കൊല്ലപ്പെട്ടതോടെ ആർ.എം.പി.ഐ നേതൃനിരയിലെത്തുകയുണ്ടായി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് വിജയിക്കുകയുണ്ടായി. കമ്യൂണിസ്റ്റ് നേതാവായിരുന്ന കെ.കെ. മാധവന്റെയും ദാക്ഷായണിയുടെയും മകളാണ്. മൂത്ത ചേച്ചി പ്രേമ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. കോഴിക്കോട് സര്‍വകലാശാല യൂനിയന്റെ ആദ്യത്തെ വനിത വൈസ് ചെയര്‍പേഴ്സനായിരുന്നു. വിദ്യാർഥിയായിരിക്കെ ചേച്ചിയിലൂടെ എസ്.എഫ്.ഐയിൽ സജീവമായി. എസ്.എഫ്.ഐയുടെ കേന്ദ്ര കമ്മിറ്റി അംഗമായി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും പലതവണ പൊലീസ് മർദനങ്ങൾക്കിരയാവുകയുംചെയ്തിട്ടുണ്ട്. ഏക മകൻ അഭിനന്ദ്.

എം.കെ. ഭാസ്കരൻ ഓർക്കാട്ടേരി സ്വദേശിയാണ്. സോഷ്യലിസ്റ്റ് പാർട്ടിയുടെ വിദ്യാർഥി സംഘടനയായ ഐ.എസ്.ഒയിലൂടെ 1972ൽ വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തേക്ക് എത്തിയത്. കേരള വിദ്യാർഥി ജനതയുടെ താലൂക്ക് സെക്രട്ടറി, ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും യുവജനത സംസ്ഥാന സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റ് ജനത രൂപവത്കൃതമായപ്പോൾ സംസ്ഥാന സെക്രട്ടറിയായും ജെ.ഡി.യുവിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും ദേശീയ നിർവാഹകസമിതി അംഗമായും പ്രവർത്തിച്ചു.

എൽ.ജെ.ഡിയുടെ സംസ്ഥാന സെക്രട്ടറി, ദേശീയ നിർവാഹക സമിതി അംഗം, ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി, നിർവാഹക സമിതി അംഗം, കെ. ചന്ദ്രശേഖരൻ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ പേഴ്സനൽ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. 1995, 2005, 2015 മൂന്ന് തവണ ഏറാമല പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: ഇന്ദിര (ഏറാമല സർവിസ് സഹകരണ ബാങ്ക്). മക്കൾ: അശ്വിൻ ലാൽ, ആദിത്ത് ലാൽ.

Show Full Article
TAGS:KK Rama Candidates mk bhaskaran Vadakara Kerala Assembly Election 2026 
News Summary - K.K. Rama and M.K. Bhaskaran are the candidates in Vadakara
Next Story