വടകരയിൽ 10ഓളം പേർക്ക് തെരുവുനായുടെ കടിയേറ്റു
text_fieldsപ്രതീകാത്മക ചിത്രം
വടകര : തെരുവ് നായുടെ പരാക്രമത്തിൽ വടകരയിലും പരിസര പ്രദേശങ്ങളിലുമായി 10ഓളം പേർക്ക് കടിയേറ്റു. കോട്ടക്കടവ്, കരിമ്പനപ്പാലം, റെയിൽവേ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ പരിസരം, എടോടി റോഡ് എന്നിവിടങ്ങളിൽ നിന്നാണ് നായ കണ്ണിൽ കണ്ടവരെയൊക്കെ കടിച്ച് പരിക്കേൽപ്പിച്ചത്. ഞായറാഴ്ച വൈകീട്ട് 5.45 ഓടെയാണ് നായ് ആളുകളെ കടിക്കാൻ തുടങ്ങിയത്. രാത്രിയിൽ മൂന്നു പേർക്ക് കടിയേറ്റു. വടകര ടൗണിൽ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി എത്തിയവരെയാണ് കടിച്ചത്.
ചെറുശ്ശേരി റോഡിൽ പുതുക്കുടിക്കണ്ടി അഹിൻ ദാസ് (32), കരിമ്പനപ്പാലം വലിയ കണ്ടിയിൽ പ്രോംജി (70), വാണിമേൽ വയലിൽ ദേവനന്ദ (20), വില്യാപ്പള്ളി കുയ്യാലിൽ ഹന ഫാത്തിമ (10), വടകര പാസ്പോർട്ട് ഓഫിസിന് സമീപം താമസിക്കുന്ന ബംഗാൾ സ്വദേശി ബാസ (26), ആയഞ്ചേരി പുത്തൻപുരയിൽ രാജീവൻ (55) തുടങ്ങിയവരെയാണ് നായ് കടിച്ച് പരിക്കേൽപ്പിച്ചത്.
കോട്ടക്കടവ് ഭാഗത്ത് നിന്നും ആളുകളെ കടിച്ച് തുടങ്ങിയ നായ് കരിമ്പനപ്പാലത്ത് എത്തി പിന്നീട് ടൗണിലേക്ക് ഇറങ്ങുകയായിരുന്നു. വടകരയിൽ എക്സിബിഷൻ കാണാനെത്തിയവർക്കു നേരെ ഓടിയടുത്ത നായ ഇവിടെ വെച്ച് ഒരാളെ കടിച്ച് ഓടി മറയുകയുണ്ടായി. റെയിൽവേ സ്റ്റേഷൻ പരിസരത്ത് പലരും നായുടെ പരാക്രമത്തിൽ നിന്നും കടിയേൽക്കാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. ഇടവഴി റോഡുകളിലൂടെ പകൽ സമയങ്ങളിൽ പോലും കാൽനടക്കാർക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. പരിക്കേറ്റവരെ വടകര ഗവ. ആശുപത്രിയിലും സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.