ദേശീയപാത; മൂരാട് സംരക്ഷണ ഭിത്തി നിർമാണം പാതിവഴിയിൽ നിലച്ചു
text_fieldsദേശീയപാതയിൽ മൂരാട് നിർമാണം പാതി വഴിയിൽ നിലച്ച സംരക്ഷണ ഭിത്തി
വടകര: ദേശീയപാതയിൽ മൂരാട് സംരക്ഷണ ഭിത്തി നിർമാണം പാതി വഴിയിൽ നിലച്ചു. രണ്ട് വർഷം മുമ്പാണ് സംരക്ഷണ ഭിത്തി നിർമ്മാണത്തിന് തുടക്കം കുറിച്ചത്. ചെറിയ ഭാഗം പൂർത്തീകരിച്ചെങ്കിലും ഇതിനിടെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നിർമ്മാണം നിർത്തി വെക്കുകയായിരുന്നു.ദേശീയ പാതയോട് ചേർന്ന് ചെങ്കുത്തായ ഭാഗം നിരവധി തവണ ഇടിഞ്ഞ് റോഡിലേക്ക് പതിച്ചു.
മൂരാട് മുതൽ പലോളിപ്പാലം വരെയുള്ള ഭാഗത്ത് ദേശീയപാതയുടെ ആറ് വരി പാത നിർമാണം പൂർത്തിയായിട്ടുണ്ട്. പാത നിർമ്മാണം പൂർത്തിയായതോടെ വാഹനങ്ങൾ കുതിച്ചോടുകയാണ്. വാഹനങ്ങൾ കടന്ന് പോകുന്ന റോഡിനോട് ചേർന്ന് ഡിവൈഡറുകൾ സ്ഥാപിച്ച് മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും രാത്രികാലങ്ങളിൽ ഇവിടെ അപകടക്കുരുക്കായി മാറുന്നുണ്ട്. കൂടാതെ സോളാറിൽ പ്രവർത്തിക്കുന്ന മുന്നറിയിപ്പ് ലൈറ്റ് കനത്ത മഴയിലും ഇരുൾ മൂടിയ സമയങ്ങളിലും കത്താത്തതിനാൽ വാഹനങ്ങൾക്ക്
തിരിച്ചറിയാൻ കഴിയാത്ത സാഹചര്യവുമാണുള്ളത്. സർവിസ് റോഡിൽ നിന്നും വാഹനങ്ങൾ മൂരാട് പാലത്തിലേക്ക് ഇവിടെ നിന്നാണ് കയറുന്നത്. ഇടിഞ്ഞ് വീണ ഭാഗങ്ങൾ സംരക്ഷിച്ച് നിർത്താൻ ദേശീയപാത അതോറിറ്റിയുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. മീത്തലെ മുക്കാളിയിൽ മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും രണ്ട് വർഷം മുമ്പ് തകർന്ന് വീണ സംരക്ഷണഭിത്തി പുന:നിർമിക്കാൻ ദേശീയ പാത അതോറിറ്റി തയാറാവാത്തതിനാൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.


