ദേശീയപാത നിർമാണം; ചോമ്പാലിൽ സംരക്ഷണ ഭിത്തി തകർന്നു
text_fieldsദേശീയ പാതയുടെ സംരക്ഷണ ഭിത്തി നെടുകെ പിളർന്ന നിലയിൽ
വടകര: ദേശീയപാത നിർമാണം പ്രവൃത്തി പുരോഗമിക്കുന്ന അഴിയൂർ ചോമ്പാലയിൽ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു. ചോമ്പാൽ ബ്ലോക്ക് ഓഫിസിനും കുഞ്ഞിപ്പള്ളി അടിപ്പാതക്കും മധ്യേ നിർമിക്കുന്ന സംരക്ഷണ ഭിത്തിയാണ് പിളർന്നത്. കുഞ്ഞിപ്പള്ളി അടിപ്പാതക്കായി റോഡ് ഉയർത്തിരുന്നു. റോഡ് മണ്ണിട്ട് നികത്താനാണ് സംരക്ഷണ ഭിത്തി നിർമിച്ചത്. അടിപ്പാതയോട് ചേർന്ന് നിർമിച്ച അപ്രോച്ച് റോഡിന്റെ ഒരുഭാഗം കുഞ്ഞിപ്പള്ളി ടൗണിലും മറുഭാഗം അവസാനിക്കുന്നത് ചോമ്പാൽ ബ്ലോക്ക് ഓഫിസിനടുത്ത് സർവിസ് റോഡിന് സമീപം തകർന്ന സംരക്ഷണ ഭിത്തിക്ക് സമീപവുമാണ്.
സംരക്ഷണ ഭിത്തി തകർന്ന ഭാഗത്ത് കൂടുതൽ മണ്ണ് നിറക്കുന്നതോടെ ദേശീയപാത തകർന്ന് ഭിത്തി സർവിസ് റോഡിലേക്ക് വീണ് അപകടത്തിന് സാധ്യതയേറെയാണ്. നിർമാണ കരാർ കമ്പിനിയുടെ ഏൻജിനിയറിങ് വിഭാഗത്തിന് വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ നിസ്സാരവത്കരിച്ചതായി പരാതിയുണ്ട്. അഴിയൂർ വെങ്ങളം റീച്ചിൽ അദാനിയിൽനിന്ന് ഉപകരാർ നേടിയ വഗാഡാണ് പ്രവൃത്തി നടത്തുന്നത്. സംഭവത്തിൽ ജില്ല കലക്ടർ റിപ്പോർട്ട് തേടിയത്തിന്റെ അടിസ്ഥാനത്തിൽ അഴിയൂർ സ്പെഷൽ വില്ലേജ് ഓഫിസർ സി.കെ. ബബിത സംഭവസ്ഥലം സന്ദർശിച്ചു. ഗുരുതരാവസ്ഥ കലക്ടറെ അറിയിച്ചു.


