വടകരയിൽ സ്വകാര്യ ബസ് അപകടം തുടർക്കഥ
text_fieldsവടകര: സ്വകാര്യ ബസുകളുടെ അമിത വേഗത്തിൽ വടകരയിൽ ഒരു ജീവൻകൂടി പൊലിഞ്ഞിട്ടും അമിത വേഗത്തിനെതിരെ നടപടിയില്ല. വീടിനു മുന്നിൽ നിർത്താൻ സ്വകാര്യ ബസിന് കൈകാണിച്ച കുട്ടോത്ത് ഏറാംവെള്ളി നാരായണനാണ് (66) ശനിയാഴ്ച മരിച്ചത്.
കഴിഞ്ഞയാഴ്ച വടകര പുതിയ ബസ് സ്റ്റാൻഡിൽ മുൻ വടകര മുനിസിപ്പൽ കൗൺസിലർ പി.കെ. പുഷ്പവല്ലി ബസിടിച്ച് ദാരുണമായി മരണപെട്ടിരുന്നു. പുഷ്പവല്ലിയുടെ മരണത്തിനിടയാക്കിയ ഹരേ റാം ബസിന്റെ മാനേജ്മെന്റിന് കീഴിലുള്ള മറ്റൊരു ബസാണ് കുട്ടോത്ത് ശനിയാഴ്ച അപകടമുണ്ടാക്കിയത്.
ബസുകളുടെ മത്സരയോട്ടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം വിവിധ സംഘടനകൾ ഉയർത്തിയെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. ദേശീയപാത നിർമാണത്തിന്റെ പേരുപറഞ്ഞാണ് പലപ്പോഴും ബസുകൾ അമിത വേഗത്തിൽ ഓടുന്നത്. പേരാമ്പ്ര-തിരുവള്ളൂർ-വടകര റൂട്ടിൽ പൊതുവേ ഗതാഗതക്കുരുക്ക് കുറവാണ്. ഈ റൂട്ടിലാണ് ശനിയാഴ്ച അപകടം നടന്നത്.
കുട്ടോത്ത് ബസ് സ്റ്റോപ്പിൽ നിർത്താതെ മുന്നോട്ടുവന്ന ബസിന് വീടിന് മുന്നിൽനിന്ന് വടകരക്ക് പോകാൻ കൈകാട്ടിയ നാരായണനെ ബസിന്റെ പിൻഭാഗംകൊണ്ട് ഇടിച്ചുതെറിപ്പിക്കുകയാണുണ്ടായത്. റോഡിൽ നിർത്തിയിട്ട കാറിലും ബസിടിച്ചു. ഇടിയുടെ ആഘാതത്തിൽ മുൻഭാഗം തകരുകയും സമീപത്തെ വൈദ്യുതിത്തൂണിൽ തട്ടി കാർ നിൽക്കുകയുമായിരുന്നു.
വൈദ്യുതിത്തൂൺ തകർന്നുവീഴാതിരുന്നതിനാൽ മറ്റൊരു ദുരന്തം ഒഴിവായി. മരണപ്പെട്ട നാരായണൻ വടകര ഇന്ത്യൻ ബാങ്ക് ശാഖയിൽ ദീർഘകാലം പ്യൂണായി സേവനമനുഷ്ഠിച്ചിരുന്നു. വൻ സൗഹൃദവലയത്തിനുടമയായിരുന്നു ഇദ്ദേഹം. മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.


