തീരദേശവാസികൾ ദുരിതത്തിൽ; ജല അതോറിറ്റി വിതരണം ചെയ്യുന്നത് ഉപ്പുവെള്ളം
text_fieldsവടകര: കടുത്ത വേനലിൽ ജല അതോറിറ്റി തീരദേശ മേഖലയിൽ കുടിക്കാനായി വിതരണം ചെയ്യുന്നത് ഉപ്പുവെള്ളം. വടകര മുനിസിപ്പാലിറ്റി കുരിയാടി, ആവിക്കൽ, താഴെ അങ്ങാടിയിലെ മുകച്ചേരി, പാണ്ടികശാല, വലിയവളപ്പ്, കസ്റ്റംസ് റോഡ്, മുക്കോല, കൊയിലാണ്ടിവളപ്പ്, പുറങ്കര, പാക്കയിൽ, അഴിത്തല, കറുകയിൽ, ചീനം വീട് ഭാഗങ്ങളിലാണ് ജല അതോറിറ്റി ഉപ്പുവെള്ളം വിതരണം ചെയ്യുന്നത്. ഗുളികപ്പുഴയിലെ കൂരങ്കോട്ട് കടവിലെ പമ്പ് ഹൗസ് വഴിയാണ് കടലോര മേഖലയിലും നഗരത്തിലും കുടിവെള്ളമെത്തുന്നത്.
മണിമല ടാങ്കിലെ ശുദ്ധീകരണ പ്ലാന്റ് വഴി പുതിയാപ്പിലെയും മേപ്പയിൽ റോഡിലെയും ടാങ്കുകളിൽ എത്തിച്ചാണ് വെള്ളം വിതരണം ചെയ്യുന്നത്. വേനൽ കടുക്കുന്നതോടെ ഗുളികപ്പുഴയിൽ ഉപ്പുവെള്ളം ക്രമാതീതമായി ഉയരുക പതിവാണ്. ശുദ്ധീകരിച്ചാലും ഉപ്പുവെള്ളത്തിന്റെ അളവ് കുറക്കാൻ കഴിയാത്ത അവസ്ഥയാണ്. ഈ വെള്ളമാണ് നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വിതരണം നടത്തുന്നത്. ഇതിന് പരിഹാരമെന്നോണം പെരിഞ്ചേരി കടവിൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണം പുരോഗമിക്കുന്നുണ്ട്. ചെറുവണ്ണൂർ, വേളം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നത്.
ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനും ഭൂഗർഭ ജല ലഭ്യത ഉറപ്പാക്കുന്നതിനുമാണ് പദ്ധതി. കിഫ്ബിയുടെ ധനസഹായത്തോടെ നിർമിക്കുന്ന ബ്രിഡ്ജ് നിർമാണം ഇഴയുന്നതാണ് കടലോര ജനതക്ക് ഇരുട്ടടിയാവുന്നത്. പാചകം ചെയ്യാനും കുടിക്കാനും ശുദ്ധജലം വില കൊടുത്ത് വാങ്ങുകയാണ് തീരദേശവാസികൾ. വേനലിൽ പൈപ്പ് വഴി ഉപ്പുവെള്ളം ലഭിക്കുന്നത് പതിവാകുന്നതോടെ പ്രതിഷേധവും കനക്കുന്നുണ്ട്. നഗരസഭയുടെ ഭാഗത്തുനിന്ന് ശുദ്ധജലമെത്തിച്ചാൽ ഒരു പരിധിവരെ കുടുംബങ്ങൾക്ക് ആശ്വാസമാകും.