എങ്ങുമെത്താതെ പൂവാടൻഗേറ്റ് അടിപ്പാത നിർമാണം
text_fieldsപൂവാടൻഗേറ്റ് അടിപ്പാതയിൽ വെള്ളം കെട്ടിക്കിടക്കുന്ന നിലയിൽ
വടകര: പൂവാടൻഗേറ്റ് അടിപ്പാത നിർമാണം പൂർത്തിയാവാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. അടിപ്പാതയിലെ വെള്ളക്കെട്ട് നീങ്ങാത്തതാണ് നാട്ടുകാരുടെ വഴിയടയാനിടയാക്കിയത്. അടിപ്പാതക്കു മുകളിലായി മേൽക്കൂരയും വൈദ്യുതീകരണം നടക്കാത്തതും തിരിച്ചടിയായി.
ഒരുകോടി രൂപയുടെ എസ്റ്റിമേറ്റിൽ തുടക്കംകുറിച്ച പ്രവൃത്തി നാല് കോടിയിലെത്തിയിട്ടും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. വ്യക്തമായി പഠിക്കാതെയും മണ്ണ് പരിശോധനപോലും ഇല്ലാതെയുമാണ് അടിപ്പാത നിർമാണം നടത്തിയത്. അടിപ്പാതക്കുള്ളിൽ കെട്ടിക്കിടക്കുന്ന വെള്ളം നീക്കാൻ മോട്ടോർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് പ്രവർത്തിക്കാത്തതിനാൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
വഴിയടഞ്ഞതോടെ വർഷങ്ങളായി ആവിക്കൽ, പൂവാടൻഗേറ്റ്, കുരിയാടി പ്രദേശത്തെ ആളുകൾ ഏറെ പ്രയാസമനുഭവിക്കുകയാണ്. അടിപ്പാത നിർമാണം പൂർത്തിയാക്കാൻ നിരവധി സമരമുഖങ്ങൾ തുറന്നിരുന്നു. ഒടുവിൽ അടിപ്പാത യാഥാർഥ്യമായെങ്കിലും നിർമാണം പൂർണമാക്കാൻ കരാറുകാർ തയാറായില്ല. ഇതു സംബന്ധിച്ച് നിരവധി പരാതികൾ റെയിൽവേ നൽകിയെങ്കിലും അവഗണിക്കപ്പെട്ടു.