വടകര മത്സ്യമാര്‍ക്കറ്റ് നിർമാണം കടലാസിലൊതുങ്ങുന്നു
text_fieldsശോച്യാവസ്ഥയിലായ വടകര മത്സ്യമാർക്കറ്റ്
വടകര: വടകര മത്സ്യ-മാംസ മാർക്കറ്റുകളുടെ നിർമാണം കടലാസിലൊതുങ്ങുന്നു. കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ച നിർമാണമാണ് ടെൻഡർ നടപടികൾ പൂർത്തീകരിക്കാത്തതിനാൽ നീളുന്നത്. മാർക്കറ്റ് നിർമാണത്തിന് 13.30 കോടിയാണ് അനുവദിച്ചത്.
2017-18ല്‍ നഗരസഭാ ബജറ്റിലെ പദ്ധതിയാണ് ആധുനിക മത്സ്യമാര്‍ക്കറ്റ് എന്നത്. 2018ല്‍ ഡി.പി.ആര് തയാറാക്കാന്‍ ജീപാക് എന്ന കണ്‍സൽട്ടിങ് കമ്പനിയുമായി കരാറുണ്ടാക്കി.
തുർന്ന് ഡി.പി.ആർ തയാറാക്കി കിഫ്ബിക്ക് സമര്‍പ്പിക്കുകയായിരുന്നു. കിഫ്ബിയുടെ നിര്‍ദേശങ്ങൾക്കനുസരിച്ച് ഡി.പി.ആറില്‍ മാറ്റങ്ങൾ വരുത്തി. തുടർന്ന് പദ്ധതിക്ക് കിഫ്ബി സാമ്പത്തിക അനുമതി നൽകിയെങ്കിലും ടെൻഡർ നടപടിയായില്ല. മത്സ്യമാർക്കറ്റിന് സാമ്പത്തിക അനുമതി ലഭിച്ച് രണ്ടുവർഷത്തോടടുക്കുകയാണ്. നാലുനിലയിലായാണ് ആധുനിക രീതിയിൽ മത്സ്യ-മാംസ മാർക്കറ്റ് നിർമാണം നടക്കുന്നത്.
നിലവിലെ മാർക്കറ്റ് പൊളിച്ചുമാറ്റണം. നിലവിലെ മത്സ്യമാർക്കറ്റ് കെട്ടിടം ഉൾപ്പെടുന്ന 40.29 സെന്റ് ഭൂമിയിലാണ് മത്സ്യ-മാംസ മാർക്കറ്റ് നിർമിക്കേണ്ടത്. വടകര മത്സ്യ-മാംസ മാർക്കറ്റുകൾ വൃത്തിഹീനമായ ചുറ്റുപാടിലാണ് പ്രവർത്തിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് മാർക്കറ്റ് നിർമാണത്തിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.