വടകര-മാഹി ജലപാത; കോട്ടപ്പള്ളി പാലം യാഥാർഥ്യമാവുന്നു
text_fieldsമാഹി കനാലിന് കുറുകെ കോട്ടപ്പള്ളിയിൽ നിർമിക്കുന്ന പാലത്തിന്റെ രൂപരേഖ
വടകര: മാഹി കനാലിനു കുറുകെ കോട്ടപ്പള്ളിയിൽ പാലം യാഥാർഥ്യമാവുന്നു. പുതിയ പാലം നിര്‍മാണത്തിന് കരാര്‍ പ്രാബല്യത്തിൽ വന്നു. യു.എൽ.സി.സി.എസിനാണ് കാരാർ. 17.65 കോടി രൂപ ചെലവിൽ പുതിയ പാലത്തിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കും. കാവില്‍-തീക്കുനി-കുറ്റ്യാടി റോഡിലെ കോട്ടപ്പള്ളിയിലെ പഴയ പാലം പൊളിച്ചാണ് ആധുനിക രീതിയില്‍ പുതിയ ആര്‍ച്ച് പാലം നിര്‍മിക്കുന്നത്.
ദേശീയ ജലപാത മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് പാലം നിര്‍മിക്കുക. നിലവില്‍ 11 മീറ്ററാണ് പാലത്തിനടിയില്‍ കനാലിന്റെ വീതി. കനാലിന് 32 മീറ്റര്‍ വീതി ആവശ്യമുള്ളതിനാൽ പുതിയ പാലം നിർമിച്ചാൽ മാത്രമേ ജലഗതാഗതം സുഗമമാകുകയുള്ളൂ. കനാല്‍ നവീകരിക്കുമ്പോള്‍ നീളം കുറഞ്ഞ സ്പാനിലുള്ള പാലം ജലഗതാഗതത്തിന് തടസ്സമാകുമെന്നതിനാലാണ് പുതിയ പാലം നിര്‍മിക്കാന്‍ ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ശിപാര്‍ശ നല്‍കിയത്.
പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ താല്‍ക്കാലിക പാലവും റോഡും നിര്‍മിക്കും. ഉള്‍നാടന്‍ ജലഗതാഗത വകുപ്പിനാണ് നിര്‍വഹണ ചുമതല. 17.61 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാഹി കനാലില്‍ കല്ലേരി, പറമ്പില്‍, വേങ്ങോളി എന്നിവിടങ്ങളില്‍ പുതിയ പാലം നിര്‍മിച്ചിട്ടുണ്ട്. എടച്ചേരി കളിയാംവെള്ളി പാലത്തിന് ഭരണാനുമതിയും ലഭ്യമായിട്ടുണ്ട്. തിരുവള്ളൂരിലെ കന്നിനട പാലമാണ് ഇനി പുതുക്കി നിർമിക്കാനുള്ള മറ്റൊരു പാലം.