വടകര റെയിൽവേ സ്റ്റേഷൻ അണിഞ്ഞൊരുങ്ങുന്നു
text_fieldsവടകര റെയിൽവേ സ്റ്റേഷനിൽ കലാകാരന്മാർ ചുമർ ചിത്രമൊരുക്കുന്നു
വടകര: സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വടകര റെയിൽവേ സ്റ്റേഷനിൽ ചുമർ ചിത്രമൊരുങ്ങിത്തുടങ്ങി. മാഹി ആശ്രയ വുമൺസ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി സുലോചന മാഹിയുടെ നേതൃത്വത്തിലാണ് സ്റ്റേഷന്റെ ചുമരുകളിൽ വർണ ചിത്രങ്ങളൊരുക്കുന്നത്. 15ഓളം കലാകാരന്മാരാണ് പണിപ്പുരയിലുള്ളത്.
നാല് ചിത്രകാരികളുമുണ്ട്. കടത്തനാടിന്റെ വടക്കൻ പാട്ട് രംഗങ്ങൾ കോർത്തിണക്കിയാണ് ചിത്രങ്ങളൊരുങ്ങുന്നത്. വടക്കൻ പാട്ടുകളിലെ ഇതിഹാസ കഥാപാത്രങ്ങളായ തച്ചോളി ഒതേനനും ആരോമൽ ചേകവരും ഉണ്ണിയാർച്ചയുമെല്ലാമാണ് ചിത്രങ്ങളിൽ തെളിയുന്നത്. കളരിപ്പയറ്റും കഥകളിയും താഴെ അങ്ങാടിയുമെല്ലാം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കലാകാരന്മാർ.
ശീതീകരണമുറിയിലും വിശ്രമമുറിയിലും പ്രവേശന കവാടത്തിലും റെയിൽവേ സ്റ്റേഷനകത്തെ ചുമരുകളിലുമാണ് ഇപ്പോൾ ചിത്രരചന പുരോഗമിക്കുന്നത്. ഫെബ്രുവരി 28നാണ് ചിത്രരചനക്ക് തുടക്കം കുറിച്ചത്. ഏപ്രിലിൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലുൾപ്പെടുത്തി വികസിപ്പിക്കുന്ന വടകര റെയിൽവേ സ്റ്റേഷനിൽ വിപുലമായ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
22 കോടി രൂപയുടെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. വികസന പ്രവർത്തനങ്ങളോടനുബന്ധിച്ച് മുറിച്ചുമാറ്റപ്പെട്ട മരങ്ങൾക്കു പകരം പുതിയ മരം വെച്ച് സ്റ്റേഷൻ പരിസരം പച്ചപ്പുള്ളതാക്കി മാറ്റാനുള്ള ശ്രമം സ്റ്റേഷനിൽ നടക്കേണ്ടതുണ്ട്. റെയിൽവേ സൗന്ദര്യവത്കരണ ഫോറം ഇതിനുവേണ്ട ശ്രമം തുടങ്ങിയിട്ടുണ്ട്.