മൂന്ന് വീടുകൾ ബാക്കിയാക്കി; ഉരുളിൽനിന്ന് രക്ഷപ്പെട്ട ആശ്വാസത്തിൽ കുടുംബങ്ങൾ
text_fieldsവിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഗ്രേസിയും മാതാവ് ത്രേസ്യാമ്മയും
വടകര: വിലങ്ങാട് ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ബാക്കിയാക്കി ഉരുൾ കടന്നുപോയപ്പോൾ രക്ഷപ്പെട്ടത് 11 പേർ. വിലങ്ങാട് അടിച്ചിപ്പാറ കടമാകളരി മലയിലുണ്ടായ ഉരുൾപൊട്ടലിൽ കൊന്നക്കാട് സാബു, ജോസ് മഠത്തിക്കുഴി, ജോൺ തട്ടാരടി എന്നിവരുടെ വീടുകൾക്കും ചുറ്റുമായാണ് ഉരുൾപൊട്ടിയൊഴുകിയത്. വീട്ടിൽ അഭയം തേടിയവരും വീട്ടുകാരുമാണ് ഉരുളിൽനിന്നും രക്ഷപ്പെട്ട 11 പേർ. കൂറ്റൻ പാറകൾ ഉരുണ്ടപ്പോൾ ഇവിടെ മൂന്നുവീടുകളാണ് അവശേഷിച്ചത്. മലമുകളിലെ മണിക്കൊമ്പേൽ ജയിൻ, ഭാര്യ ഗ്രേസി, മാതാവ് 79 കാരി ത്രേസ്യാമ്മയും രണ്ട് മക്കളും ഇവർക്കൊപ്പം സിബി കണിരാഗത്തിലും ഭാര്യ നിഷയും അഭയം തേടിയത് ഈ വീട്ടിലായിരുന്നു. വീടിനുമുന്നിലെ തോട്ടിലൂടെ കനത്ത മഴയിൽ ചളിവെള്ളം ഒലിച്ചിറങ്ങുന്നത് കണ്ടാണ് ഗ്രേസിയും ജയിനും 79 കാരിയായ രോഗിയായ മാതാവിനെയും എടുത്ത് മലയുടെ അടിവാരത്തെ വീട്ടിൽ അഭയം തേടിയത്. സിബിയും നിഷയും അസാധാരണമായ മണം വീട്ടിലേക്ക് അടിച്ചുകയറിയതോടെ വീടുവിട്ടിറങ്ങുകയായിരുന്നു.
അഭയം തേടിയ വീടുകളിലെത്തി മിനിറ്റുകൾക്കുള്ളിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഉരുൾ ഒലിച്ചിറങ്ങുകയായിരുന്നു. സിബിയുടെ വീട് പൂർണമായി ഉരുൾവാരിക്കൊണ്ടുപോയി. 25 സെന്റ് ഭൂമിയും വീടും ഇല്ലാതായി. നിർമാണത്തൊഴിലാളിയാണ് സിബി. സിബിയുടെ മകൻ ജിബിൻ കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിൽ പി.ജി. വിദ്യാർഥിയാണ്. ജയിന്റെയും ഗ്രേസിയുടെയും വീടും വാസയോഗ്യമല്ലാതായി. ഇരു കുടുംബങ്ങളും വിലങ്ങാട് സെന്റ് ജോർജ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്.