തകർന്നടിഞ്ഞത് പതിറ്റാണ്ടുകളുടെ പ്രയത്നഫലം
text_fieldsവിലങ്ങാട് ഉരുൾപൊട്ടലിൽ തകർന്ന വായാട് പാലം
വടകര: പച്ചപ്പുനിറഞ്ഞ സ്വപ്നഭൂമിയായ വിലങ്ങാട് ഇന്ന് ഒരു ശ്മശാനഭൂമിപോലെയാണ്, പതിറ്റാണ്ടുകളായി നെയ്തെടുത്ത സ്വപ്നങ്ങളാണ് ഒറ്റരാത്രിയിൽ പാടേ ഇല്ലാതായത്. ഒരു പ്രദേശം തന്നെ ഇല്ലാതായപ്പോൾ നിരവധി കുടുംബങ്ങളാണ് ഒന്നുമില്ലാത്തവരായി മാറിയത്. അവരുടെ സമ്പാദ്യങ്ങളും പൊന്നുവിളയുന്ന മണ്ണും ജീവിതോപാധികളും സ്വപ്നങ്ങളുമെല്ലാം ചേറിലടിഞ്ഞുകിടക്കുകയാണ്.
വയനാട് മല നിരകളോട് ചേർന്ന പേര്യ വനത്തിൽനിന്നാണ് വിലങ്ങാട് ഉരുൾപൊട്ടലിന്റെ തുടക്കം. ഉരുൾപൊട്ടിയ ഭാഗങ്ങൾ മലനിരകളിൽ കിലോമീറ്ററുകൾ അകലെനിന്ന് കാണാം. രണ്ടാമത് ഉരുൾ വലിയ പാനോം മലയിൽ നിന്നുമുണ്ടായി. വായാട് നിവാസികളാണ് പുഴയിലെ അസാധാരണ ശബ്ദം ആദ്യം തിരിച്ചറിയുന്നത്. പാറക്കല്ലുകൾ കുരിരുട്ടിൽ ഒഴുകിപ്പോകുന്നത് കേട്ടാണ് ഉരുളിന്റെ വരവ് അറിഞ്ഞത്. ഉടൻതന്നെ വിലങ്ങാട് ടൗണിനെ ലക്ഷ്യമാക്കി മലയിറങ്ങി വരുന്ന വെള്ളപ്പാച്ചിലിനെക്കുറിച്ച് നാട്ടുകാർ വിവരം നൽകി. വിവരം ലഭിച്ചവർ സമൂഹ മാധ്യമങ്ങൾ വഴിയും ഫോൺ വഴിയും സന്ദേശം കൈമാറി.
വിലങ്ങാട് ഉരുൾപൊട്ടലിൽ ആൾ നാശം കുറക്കുന്നതിന് ഇടയാക്കിയത് നാട്ടുകാർ നൽകിയ ഇത്തരം സന്ദേശങ്ങളായിരുന്നു. ഉരുൾപൊട്ടലിന്റെ മുമ്പത്തെ ദിവസം രാവിലെ മുതൽ വിലങ്ങാട് കനത്ത മഴയായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിക്കുതന്നെ പുഴയിലെ വെള്ളത്തിന്റെ അസാധാരണ മാറ്റം ചിലരുടെ ശ്രദ്ധയിൽപെട്ടിരുന്നു. വെള്ളം കയറി തുടങ്ങിയതോടെ വായാട് നിന്നുള്ളവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. കുടുംബങ്ങൾ മറ്റ് വീടുകളിലേക്ക് മാറി ഏതാനും സമയത്തിനകം കൂറ്റൻ പാറകളും മരങ്ങളും വെള്ളവും ഒലിച്ചിറങ്ങുകയുണ്ടായി. വായാട് പാലവും പമ്പ് ഹൗസും കെ.എസ്.ഇ.ബി റോഡും ഹെക്ടർ കണക്കിന് കൃഷിയിടവും ഉരുളിൽ ഒലിച്ച് പോയി. വായാട് പ്രദേശത്തെയും വിലങ്ങാടുമായി ബന്ധിപ്പിക്കുന്ന ഏക മാർഗമാണ് പാലം. പാലം ഇല്ലാതായതോടെ നാല് ദിവസത്തോളം മേഖലയിലുള്ളവർക്ക് പുറത്തേക്ക് പോകാൻ കഴിഞ്ഞില്ല.
നാട്ടുകാർ താൽക്കാലിക പാലം നിർമിച്ചാണ് പുറത്തേക്ക് കടന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് പുഴ ഗതി മാറി ഒഴുകിയ ഭാഗത്താണ് കെ.എസ്.ഇ.ബി റോഡും ഏഴോളം വീടുകളുമുണ്ടായിരുന്നത്. മലവെള്ളപ്പാച്ചിലിൽ ഈ ഭാഗം പൂർണമായും പുഴയെടുത്തു. മഞ്ഞച്ചീളിയിൽ മൂന്നാമതുണ്ടായ ഉരുളാണ് 13 ഓളം കുടുംബങ്ങളുടെ കണ്ണീരായി മാറിയത്. വീടുകളും കൃഷിയിടവും സർവവും പുഴയെടുത്തു.
കാതടപ്പിക്കുന്ന ശബ്ദം ഭൂമി കുലുങ്ങുന്നത് പോലെയാണ് അനുഭവപെട്ടത്. വിലങ്ങാട് കൊടിമരത്തും മൂട്ടിൽ ഡാരിലിന്റെ വാക്കുകളാണിത്. പിതാവ് ഡൊമനിക്കും മാതാവ് ലൂസി ഡൊമനിക്ക് മൂന്നര വയസ്സുകാരി ഇവാനിയ സഹോദരന്റെ മക്കൾ അടക്കം ആറുപേരാണ് തലനാരിഴക്ക് രക്ഷപെട്ടത്. വീടിന്റെ ഒരു ഭാഗത്ത് തേക്ക് മരം വീണതോടെ പ്രാണരക്ഷാർഥം ഓടി സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു ഇവർ. അഭയം തേടിയ വീട്ടിന് 50 മീറ്റർ മാറി മറ്റൊരു ഉരുളും നിമിഷങ്ങൾക്കകം കടന്ന് പോയത് ഭീതിയോടെയാണ് ഡാരിൽ പങ്കുവെച്ചത്. ബംഗളൂരുവിലെ ജോലി സ്ഥലത്തുനിന്ന് പിതാവിനെ കാണാനെത്തിയതായിരുന്നു ഡാരിൽ. ഇവരുടെ വീട് പൂർണമായും വാൾസ് വാഗൺ കാർ, മാരുതി വാഗണർ, ജീപ്പ്, രണ്ട് ബൈക്കുകൾ ഉരുളിൽ ഒലിച്ച് പോയി. വീട് ഉണ്ടായിരുന്ന സ്ഥലം മൺ കൂനകളാൽ നിറഞ്ഞിരിക്കുകയാണ്. വീട്ടിന് താഴെയുണ്ടായിരുന്ന കുരിശുപള്ളിയും കടകളും ഒലിച്ചുപോയി. സമീപത്തെ കോൺക്രീറ്റ് റോഡ് ഒലിച്ച് പോയതിനാൽ മുകൾഭാഗത്തെ കുടുംബങ്ങളുടെ വാഹനങ്ങളും മറ്റും പുറത്തെത്തിക്കാൻ കഴിഞ്ഞിട്ടില്ല. മഞ്ഞച്ചീളിയിൽ തകർന്ന പ്രധാന പാതയിൽ താൽക്കാലിക സംവിധാനം ഒരുക്കിയാണ് ഇരുഭാഗത്തേക്കും യാത്ര ചെയ്യുന്നത്. മലയോരത്ത് മഴ ശക്തമായാൽ പാലത്തിന്റെ നിലനിൽപ്പ് ഭീഷണിയിലാണ്. മഞ്ഞച്ചീളിയിലെ കുടുംബങ്ങൾ തകർന്ന വീടുകൾക്ക് ചുറ്റും എസ്കലേറ്ററുകൾ എത്തിച്ച് ബാക്കിയായ വിലപിടിപ്പുള്ള സാധനങ്ങൾ കണ്ടെത്താനുള്ള പ്രതീക്ഷയോടെയുള്ള തിരച്ചിൽ കണ്ടുനിൽക്കുന്നവർക്ക് കണ്ണീർക്കാഴ്ചയാണ്. 50 ഓളം പേർക്കാണ് ഇവിടെനിന്നും വീടുകൾ മാറിയതിനാൽ ജീവൻ തിരിച്ച് കിട്ടിയത്. വിലങ്ങാട് ഉരുൾ പൊട്ടലിന്റെ ഉറവിടം തേടി അധികൃതർ മലകയറിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് മേഖലയിലുണ്ടായിരുന്ന ഖനന പ്രവർത്തനങ്ങൾ മലയോരത്തുണ്ടാക്കിയ മാറ്റങ്ങൾകൂടി പരിശോധിക്കേണ്ടതുണ്ട്.
തുടരും..