വിലങ്ങാട് കോടികളുടെ നഷ്ടം; 185 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ
text_fieldsവിലങ്ങാട് മഞ്ഞച്ചീളിയിൽ ഉരുൾപൊട്ടി ഒലിച്ചുപോയ റോഡ് മണ്ണുമാന്തിയന്ത്രമുപയോഗിച്ച് താൽക്കാലികമായി പുനർനിർമിക്കുന്നു
വടകര: ഉരുൾപൊട്ടലിൽ നാശം വിതച്ച വിലങ്ങാട് മലയോരത്ത് കനത്ത നാശനഷ്ടം. 14 വീടുകളും മൂന്ന് കടകളും പൂർണമായി മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. 50 ഏക്കർ കൃഷിഭൂമിയിലെ കാർഷിക വിളകൾ നശിച്ചു. ഉദ്യോഗസ്ഥർ ദുരിതാശ്വാസ പ്രവർത്തനങ്ങളിലായതിനാൽ മൊത്തം നാശനഷ്ടക്കണക്ക് ഔദ്യോഗികമായി വിലയിരുത്തിയിട്ടില്ല. വീടുകളും സാധനസാമഗ്രികളും കൃഷിയുമടക്കം കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. 185 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഉരുൾപൊട്ടലിൽ കാണാതായ മഞ്ഞച്ചീളി സ്വദേശി മാത്യു എന്ന മത്തായിയെ (60) കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷസേന, സ്കൂബ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. 25ഓളം വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഗ്രാമപഞ്ചായത്ത് വായനശാല, അംഗൻവാടി, മാതാവിന്റെ സ്തൂപം തുടങ്ങിയവയും നശിച്ചു.
ഒറ്റപ്പെട്ട പാനോം പ്രദേശത്തുള്ളവരെ പുറംലോകവുമായി ബന്ധപ്പെടുത്താൻ താൽക്കാലിക പാലം നിർമിച്ചിട്ടുണ്ട്. മഞ്ഞച്ചീളിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് ഒലിച്ചുപോയ റോഡ് താൽക്കാലികമായി പുനർനിർമിച്ചുവരുകയാണ്. ഇരുകരകളെയും ബന്ധിപ്പിക്കുന്ന റോഡിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർക്കുന്ന പ്രവൃത്തി ദുർഘടം പിടിച്ചതാണ്.
മഴ ശക്തമായതിനാൽ ഉരുൾപൊട്ടിയ ഭാഗത്തുകൂടി വെള്ളത്തിന്റെ ഒഴുക്ക് വർധിക്കുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമായിട്ടുണ്ട്. മഞ്ഞച്ചീളിയിലും പാനോത്തും താൽക്കാലിക കമ്പിപ്പാലം നിർമിച്ചാലേ ചെറിയരീതിയിലെങ്കിലും യാത്ര സുഗമമാവുകയുള്ളു. പാനോത്ത് വനമേഖലയിൽനിന്ന് ഒലിച്ചിറങ്ങിയ മലവെള്ളമാണ് നാശം വിതച്ചത്.
ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം തിരിച്ചറിഞ്ഞിട്ടില്ല. റവന്യൂ അധികൃതരുടെയും വാണിമേൽ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാണ്. മഞ്ഞക്കുന്ന് പാരിഷ് ഹാൾ (65 കുടുംബങ്ങൾ), വിലങ്ങാട് സെന്റ് ജോർജ് എച്ച്.എസ് (30), അടുപ്പിൽ ദുരിതാശ്വാസ വീടുകൾ (75), പാലൂർ എൽ.പി, സേവ കേന്ദ്രം, സാംസ്കാരിക കേന്ദ്രം എന്നിവിടങ്ങളിലാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. ഉരുൾപൊട്ടലിൽ അവതാളത്തിലായ വൈദ്യുതി പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ മണ്ണും ചളിയും അടിഞ്ഞുകൂടി വ്യാപാരികൾക്കും കനത്ത നഷ്ടമാണുണ്ടായത്.