വിലങ്ങാടും നാദാപുരത്തും മിന്നൽ ചുഴലിയിൽ വ്യാപക നാശം; വീടുകൾ തകർന്നു, വ്യാപക കൃഷി നാശം
text_fields1)കനത്ത മഴയിൽ കട്ടിപ്പാറ മണ്ണാത്തിയേറ്റ് മല ഇടിഞ്ഞ നിലയിൽ, 2) പൂവാട്ടുപറമ്പ് മുണ്ടക്കൽ കൊളാത്തൊടികയിൽ സരസ്വതിയുടെ വീടിനുമുകളിൽ മരം വീണനിലയിൽ
കോഴിക്കോട്: തിരിമുറിയാത്ത മഴയിലും വീശിയടിച്ച കാറ്റിലും ജില്ലയിലെ നൂറുകണക്കിന് വീടുകൾക്കും മരങ്ങൾക്കും നാശം. ശനിയാഴ്ച പുലർച്ചയുണ്ടായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി. നൂറുകണക്കിന് കർഷകരുടെ കൃഷിയും നശിച്ചു. തീരദേശ മേഖലകളിൽ കടൽ ക്ഷോഭവും രൂക്ഷമാണ്. വിവിധ സെക്ഷനു കീഴിലെ വൈദ്യുതി തൂണുകൾ തകർന്ന് കെ.എസ്.ഇ.ബിക്കും കനത്ത നാശമുണ്ടായി. വാഹനങ്ങൾക്ക് മുകളിലേക്കും മരങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചു. അപകടകരമായ സാഹചര്യത്തിലുള്ള വീടുകളിൽ കഴിയുന്നവരെ റവന്യൂ അധികൃതർ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പല ഭാഗത്തും വെള്ളക്കെട്ടും റോഡിലേക്ക് മരങ്ങൾ വീണതിനെത്തുടർന്ന് ഗതാഗതവും നിലച്ചു.
കല്ലാച്ചി ചീറോത്തുമുക്ക്, പൈപ്പ് റോഡ് ഭാഗങ്ങളിൽ പുലർച്ചെ വീശിയ കാറ്റിൽ വാഹനങ്ങൾക്കും വീടുകൾക്കും മേൽ മരങ്ങൾ വീണു. കല്ലാച്ചി തര്‍ബിയ മദ്സയുടെ മേൽക്കൂര പറന്നുപോയി. തിരുവമ്പാടി പുല്ലൂരാംപാറ ജോയി തിക്കുഴി വയലിന്റെ വീടിന്റെ മുകളിലും കോട്ടൂർ പഞ്ചായത്തിൽ പൂനത്ത് വാഴോറ മലയിൽ കൃഷ്ണൻ കുട്ടി നായരുടെ വീടിനു മുകളിലും തെങ്ങ് വീണ് നാശനഷ്ടമുണ്ടായി. കൂമ്പാറ കെ.ടി. ഹനീഫ, പരേങ്ങൽ ഹംസ എന്നിവരുടെ വീടിനും മരം വീണ് നഷ്ടമുണ്ടായി. കൂടരഞ്ഞി കൂമ്പാറ, കുളിരാമുട്ടി പ്രദേശങ്ങളിലും തിരുവമ്പാടി പുല്ലൂരാംപാറയിലും കൃഷിനാശമുണ്ടായി. തിരുവമ്പാടിയിലും കൂടരഞ്ഞിയിലും വൈദ്യുതി തൂണുകൾ തകർന്നും കാറ്റിൽ താമരശ്ശേരി കാരാടി ഭാഗങ്ങളിലും വൈദ്യുതി തടസപ്പെട്ടു.
നാദാപുരം മേഖലയിൽ ശനിയാഴ്ച പുലർച്ചെയും വിലങ്ങാട്ടും മിന്നൽച്ചുഴലിയുണ്ടായി. നാദാപുരം മേഖലയിൽ തുടർച്ചയായി രണ്ടാം തവണയാണ് ചുഴലിക്കാറ്റ് നാശം വിതക്കുന്നത്. റോഡിലേക്ക് മരങ്ങളും വൈദ്യുതി തൂണുകളും വീണ് ഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കാറ്റ് വീശിയത്. നാദാപുരം പുളിയാവിലാണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ കല്ലാച്ചി, പയന്തോങ്ങ്, ഒ പി.മുക്ക്, നാദാപുരം, പാറക്കടവ്, വിലങ്ങാട് എന്നിവിടങ്ങളിലും നാശനഷ്ടമുണ്ടായി. നിരവധി വീടുകൾക്കു മുകളിൽ മരം വീണു. കോടഞ്ചേരിയിൽ മാരാം വീട്ടിൽ ശോഭയുടെ വീടിനോട് ചേർന്ന കിണർ ഇടിഞ്ഞ് താഴ്ന്നു.
കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലും ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പാലക്കണ്ടയിൽ മരം കടപുഴകി രണ്ട് വൈദ്യുതിത്തൂണുകൾ ഭാഗമായി തകർന്നു. വൈദ്യുതി വിതരണം വ്യാപകമായി തകരാറിലായി. ശനിയാഴ്ച പുലർച്ച രണ്ടോടെയുണ്ടായ ശക്തമായ കാറ്റിൽ മാവൂരിലും പരിസരങ്ങളിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. താത്തൂർ പൊയിൽ, പനങ്ങോട്, പള്ളിയോള്‍, അരയങ്കോട് മുക്കിൽ പ്രദേശങ്ങളിലാണ് നാശനഷ്ടം. കെ.എസ്.ഇ.ബി മാവൂർ സെക്ഷൻ പരിധിയിൽ 20 സ്ഥലങ്ങളിൽ മരം വീണ് വൈദ്യുതി ലൈനും തൂണുകളും തകർന്നു.
ശക്തമായ കാറ്റിൽ ചെറുവണ്ണൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ പട്ടയാട്ട് മുക്ക് നിരപ്പം റോഡിൽ ഇലക്ട്രിക് ലൈനിൽ തെങ്ങ് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കക്കോടി, ചേളന്നുർ, തലക്കുളത്തൂർ ഭാഗങ്ങളിൽ മരങ്ങൾ വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റി. പുല്ലൂരാംപാറയിൽ പള്ളി പടി ജോയി തിക്കുഴി വയലിന്റെ വീടിന്റെ മുകളിൽ തെങ്ങ് വീണു.
കക്കോടി ബസാറിൽ മരം വീണ് വൈദ്യുതി ബന്ധം നിലച്ചു. ഉച്ചക്ക് രണ്ടോടെ പുനഃസ്ഥാപിച്ചു. ചാലിയം ബീച്ച്, കപ്പലങ്ങാടി, ബൈത്താനി മേഖലകളിൽ കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന കടൽക്ഷോഭം ശനിയാഴ്ചയോടെ ശക്തമായി. വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്. തീരദേശ മേഖലയിലെ മുപ്പതോളം വീട്ടുകാർ ബന്ധുവീടുകളിലേക്ക് താമസം മാറ്റി.
ശനിയാഴ്ച പുലർച്ച വീശിയടിച്ച ശക്തമായ കാറ്റിൽ മലയോര മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടായി. പരപ്പൻപോയിൽ ചാടിക്കുഴിയിൽ മാമ്പറ്റകര ജയകുമാറിന്റെ വീടിന് മുകളിലേക്കും കാരാടി നെല്ലൂളി ചാലിൽ മുഹമ്മദ് ഹനീഫയുടെ പറമ്പിൽ നിർത്തിയിട്ട പിക്ക് അപ് വാനിലേക്കും മരങ്ങൾ വീണ് നാശനഷ്ടമുണ്ടായി. ചെമ്പ്രക്കുന്നത്ത് അബ്ദുറഊഫ്ന്റെ വീടിനു മുകളിലേക്കും കൂടത്തായിക്കടുത്ത് കുന്നത്തു കണ്ടി റഷീദിന്റെ വീടിന് മുകളിലേക്കും പറശ്ശേരി ശിഹാബിന്റെ വീടിന് മുകളിലേക്കും മരങ്ങൾ കടപുഴകി.
കോഴിക്കോട് താലൂക്കില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും ഏഴു വീടുകള്‍ ഭാഗികമായും തകര്‍ന്നു. പുതിയങ്ങാടി വില്ലേജില്‍ പറയേടത്തു ഷൈനി, മടവൂര്‍ വില്ലേജിലെ ഷാഫി ചെമ്പറ്റ ചെരുവില്‍, എം.സി. ജമാല്‍, കൊടിയത്തൂര്‍ വില്ലേജിലെ കൃഷ്ണന് പള്ളിയാലില്‍, പെരുമണ്ണ വില്ലേജിലെ പുളിക്കല്‍താഴം ഷഹദ്, മേപ്പിലാട്ട് വിശ്വന്, നീലേശ്വരം വില്ലേജിലെ രമണി, ചെലവൂര്‍ വില്ലേജിലെ ഇയ്യക്കാട്ടില്‍ സൈതലവി എന്നിവരുടെ വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. പെരുമണ്ണ വില്ലേജിലെ പുളിക്കല്‍താഴം വിരുപ്പില്‍ കുനിപ്പുറത്ത് ഉമൈബ ഷബീറിന്റെ വീട്ടിലേക്ക് സമീപത്തെ പറമ്പില്‍നിന്ന് മണ്ണിടിഞ്ഞു വീണു. വീടിന് ഭീഷണിയുള്ളതിനാല്‍ ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്കി.
വടകര താലൂക്കിലെ 22 വീടുകള്‍ ഭാഗികമായി തകര്‍ന്നു. തൂണേരി വില്ലേജിലെ കോടഞ്ചേരി മാരാംവീട്ടില്‍ ജാനുവിന്റെ വീടിനോട് ചേര്‍ന്ന കിണര്‍ ഇടിഞ്ഞു. താമരശ്ശേരി താലൂക്കിലെ കാട്ടിപ്പാറ വില്ലേജില്‍ മന്നാടി ഏറ്റുമലയില് മണ്ണിടിച്ചിലിനെ തുടര്‍ന്ന് സമീപത്തെ 21 കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. കെടവൂര്‍ വില്ലേജില്‍ പുതിയപറമ്പത്ത് രാജേഷ്, പള്ളിപ്പറമ്പത്തില്ലത്ത് സുഭദ്ര അന്തര്‍ജനം, കൂടത്തായി വില്ലേജില്‍ ബിജു അമ്പാട്ട്, ഈങ്ങാപ്പുഴ വില്ലേജില്‍ പാറശ്ശേരി കോളനിയില്‍ ചന്ദ്രന് എന്നിവരുടെ വീടുകള്‍ മരങ്ങള്‍ വീണ് ഭാഗികമായി തകര്‍ന്നു.