ജൽ ജീവൻ മിഷൻ; റോഡ് നവീകരണത്തിൽ നിഷ്ക്രിയത്വം
text_fieldsജൽ ജീവൻ മിഷൻ പ്രവൃത്തി കാരണം പൊളിച്ച വില്യാപ്പള്ളി പഞ്ചായത്തിലെ റോഡ്
വില്യാപ്പള്ളി: പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജൽജീവൻ മിഷൻ പ്രവൃത്തിക്കുവേണ്ടി കോൺക്രീറ്റ് റോഡുൾപ്പെടെ പൊളിച്ചു മാറ്റിയത് സമയബന്ധിതമായി നവീകരിക്കാത്തതിനാൽ ജനങ്ങൾ ദുരിതത്തിൽ. കുടിവെള്ള കണക്ഷൻ നൽകുന്നതിനും പൈപ്പിടുന്നതിനുമായാണ് കോൺക്രീറ്റ് റോഡുൾപ്പെടെ പൊളിച്ചു മാറ്റിയത്. മഴക്കാലമായതോടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാണ്. ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്തും ജൽജീവൻ മിഷൻ അധികൃതരും കാണിക്കുന്ന നിസ്സംഗതയിൽ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്.
കാൽനടയാത്രക്കാരും ഇരുചക്ര വാഹനങ്ങളും പലപ്പോഴായി അപകടത്തിൽപ്പെട്ടിട്ടും ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മേമുണ്ട സ്കൂളിലേക്കും എം.ഇ.എസ് കോളജിലേക്കും വില്യാപ്പള്ളി എം.ജെ സ്കൂളിലേക്കുമുള്ള വലിയ വാഹനങ്ങൾ മേമുണ്ട-അമരാവതി റോഡിൽ കുടുങ്ങുന്നത് പതിവ് കാഴ്ചയാണ്.
റോഡ് പരിഷ്കരണ പ്രവൃത്തി പൂർത്തിയാക്കുന്നതിൽ അധികൃതർ അലംഭാവം കൈവെടിയണമെന്നും കാലതാമസം വരുത്താതെ റോഡുകൾ നവീകരിക്കണമെന്നും വില്യാപ്പള്ളി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് അജ്മൽ മേമുണ്ട ആവശ്യപ്പെട്ടു. റോഡുകൾ ഉടൻ ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കേണ്ടിവരുമെന്ന് അദ്ദേഹം അറിയിച്ചു.