വില്യാപ്പള്ളി പഞ്ചായത്ത് കെട്ടിട സമുച്ചയം അപകടാവസ്ഥയിൽ
text_fieldsഅപകടാവസ്ഥയിലായ വില്യാപ്പള്ളി പഞ്ചായത്ത് കെട്ടിട സമുച്ചയം
ആയഞ്ചേരി: വില്യാപ്പള്ളി ടൗണിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് വ്യാപാര സമുച്ചയം അപകടാവസ്ഥയിൽ. കഴിഞ്ഞ ദിവസം വൈകിട്ട് കെട്ടിടത്തിന്റെ മുകൾ നിലയിലെ ജനൽ തകർന്നു. സിമൻറ് അടർന്ന് ജനൽ കെട്ടിടത്തിനുള്ളിലേക്ക് പതിക്കുകയായിരുന്നു. നിരവധി വാഹനങ്ങളും കാൽനടക്കാരും പോകുന്ന വടകര- വില്യാപ്പള്ളി റോഡിൽ വീഴാതിരുന്നത് കാരണം വൻ അപകടം ഒഴിവായി.
ഏത് സമയത്തും ജനത്തിരക്കുള്ള ടൗണിന്റെ ഹൃദയഭാഗത്താണ് കെട്ടിടം. 50 വർഷത്തിലേറെ പഴക്കമുണ്ട് ഈ ഇരുനില കെട്ടിടത്തിന്. താഴത്തെ നിലയിൽ 14 പീടിക മുറികളും മത്സ്യ മാർക്കറ്റും ഒന്നാം നിലയിൽ രണ്ട് മുറികളും ഒരു വലിയ ഹാളുമാണ് പ്രവർത്തിച്ചിരുന്നത്.
കാലപ്പഴക്കം കാരണം കോൺക്രീറ്റ് ഉൽപ്പടെ ദ്രവിച്ച് ചോർന്നൊലിക്കുന്ന നിലയിലാണ് കെട്ടിടം. ഏത് സമയത്തും നിലംപൊത്തുമെന്ന സ്ഥിതിയാണ്.
ടൗൺ പരിഷ്കരണ ഭാഗമായി അപകട സാധ്യതയുള്ള കെട്ടിടം പൊളിച്ചുമാറ്റി പുതുക്കിപ്പണിയാൻ വർഷങ്ങൾക്കു മുമ്പ് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു.
എന്നാൽ കച്ചവടക്കാർ കോടതിയെ സമീപിച്ചതോടെ പദ്ധതി നിലച്ചു. കോടതിയുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം കെട്ടിടം പരിശോധിക്കുകയും പൊളിച്ചുമാറ്റണമെന്ന നിർദ്ദേശം കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.
അപകടാവസ്ഥയിലായ കെട്ടിടം നിലംപൊത്തിയാൽ ഉണ്ടാവുന്ന ആളപായവും നഷ്ടവും കണക്കിലെടുത്ത് കേസ് വേഗത്തിൽ തീർപ്പാക്കണമെന്ന് കോടതിയോട് ആവശ്യപ്പെടാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് അധികൃതർ. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റണണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസ് ധർണ നടത്തിയിരുന്നു.