മുണ്ടക്കൈ ഉരുൾപൊട്ടൽ; നാടിന്റെ നൊമ്പരമായി പ്രിയങ്കയുടെ വിയോഗം
text_fieldsപ്രിയങ്കയുടെ മൃതദേഹം നന്മണ്ടയിലെ വീട്ടിലെത്തിച്ചപ്പോൾ
നന്മണ്ട: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ട നന്മണ്ട സ്വദേശി പ്രിയങ്കയുടെ (25) വിയോഗം നാടിന് നൊമ്പരമായി. പ്രിയങ്ക ഉൾപ്പെടെ 10 പേരടങ്ങുന്ന കുടുംബമാണ് ദുരന്തത്തിൽപെട്ടത്. ഭർത്താവ് ജിനുരാജ്, ഭർതൃപിതാവ് രാജൻ, മാതാവ് മാർദായ, സഹോദരൻ കുരുവിള, സഹോദരി ആൻഡ്രിയ, നാഗമ്മ, മറ്റു നാലു ബന്ധുക്കളുമാണ് അപകടസമയത്ത് മുണ്ടക്കൈയിലെ പുഞ്ചിരിവട്ടത്തെ വീട്ടിലുണ്ടായിരുന്നത്. ഇതിൽ ഏഴുവയസ്സുകാരി ഉൾപ്പെടെ രണ്ട് കുട്ടികൾ രക്ഷപ്പെട്ടിട്ടുണ്ട്. ഭർത്താവിന്റെ പിതാവിന്റെയും മാതാവിന്റെയും മൃതദേഹം കണ്ടെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ നിന്നാണ് പ്രിയങ്കയുടെ മൃതദേഹം കണ്ടെടുത്തത്.
കഴിഞ്ഞ മേയ് 13 നാണ് ജിനുരാജുമായുള്ള പ്രിയങ്കയുടെ വിവാഹം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഭർത്താവിനൊപ്പം നന്മണ്ടയിലെ വീട്ടിലെത്തിയ പ്രിയങ്ക ഞായറാഴ്ചയാണ് വയനാട്ടിലേക്ക് മടങ്ങിപ്പോയത്. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ പ്രിയങ്ക കുടുംബത്തോടൊപ്പം 15 വർഷത്തോളമായി നന്മണ്ടയിലാണ് താമസം.
ഒരുമാസം മുമ്പ് ഐ.സി.ഐ.സി ബാങ്കിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. അതിന്റെ സന്തോഷം വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളുമായി പങ്കുവെക്കുന്നതിനിടയിലാണ് ദുരന്തം പ്രിയങ്കയെ അപഹരിച്ചത്. ചൊവ്വാഴ്ച രാത്രി 10 ഓടെ ബന്ധുക്കൾ പ്രിയങ്കയുടെ ഭൗതിക ശരീരം ഏറ്റുവാങ്ങി. തുടർന്ന്, നന്മണ്ട കള്ളങ്ങാടി താഴത്തുള്ള കിണറ്റുമ്പത്ത് വീട്ടിലെത്തിച്ചു. പൊതുദർശനത്തിനു ശേഷം ഭൗതിക ശരീരം കോഴിക്കോട് ഹെർമൻ ഗുണ്ടർട്ട് മെമ്മോറിയൽ ചർച്ച് സെമിത്തേരിയിൽ ഫാദർ സി.കെ. ഷൈന്റെ കാർമികത്വത്തിൽ സംസ്കരിച്ചു.
ഒരു നോക്കു കാണാൻ നാടാകെ ഒഴുകിയെത്തി
നന്മണ്ട: വയനാട്ടിലെ ദുരന്തഭൂമിയിൽ മരിച്ച നന്മണ്ട സ്വദേശിനിയെ അവസാനമായി ഒരു നോക്കു കാണാൻ നാടാകെ ഒഴുകിയെത്തി. ബുധനാഴ്ച രാവിലെയാണ് കള്ളങ്ങാടി താഴത്തുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ചത്. അന്തിമോപചാരമർപ്പിക്കാൻ നിരവധിപേർ ഇവിടെയെത്തിയിരുന്നു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽകുമാർ, ജില്ല പഞ്ചായത്തംഗം റസിയ തോട്ടായി, ഹരിദാസൻ ഈച്ചരോത്ത്, കവിത വടക്കേടത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത്, വികസന സമിതി ചെയർമാൻ കുണ്ടൂർ ബിജു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും അന്തിമോപചാരമർപ്പിച്ചു.