ഈ വിളക്കുകാലുകൾ എവിടെപ്പോയി?
text_fieldsമാനാഞ്ചിറയിലെ വിളക്കുകാലുകളിലൊന്ന് അപ്രത്യക്ഷമായ നിലയിൽ
കോഴിക്കോട്: നഗരഹൃദയത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മാനാഞ്ചിറയിലെ വിളക്കുകാലുകൾ വ്യാപകമായി മോഷണം പോവുന്നു. മാനാഞ്ചിറക്ക് ചുറ്റും സ്ഥാപിച്ച ഇലക്ട്രിക് ലൈറ്റുകൾ കാസ്റ്റ് അയേൺ കാലുകൾ സഹിതമാണ് മോഷ്ടാക്കൾ പൊക്കുന്നത്.
കമീഷണർ ഓഫിസിന്റെ മൂക്കിൻതുമ്പത്തുള്ള മാനാഞ്ചിറയിൽനിന്ന് 13 വിളക്കുകാലുകളാണ് മോഷ്ടാക്കൾ പിഴുതു കൊണ്ടുപോയത്. എന്നാൽ, ഈ വിവരം കോർപറേഷൻ അറിഞ്ഞിട്ടില്ല. കാസ്റ്റ് അയേണിൽ നിർമിച്ച വിളക്കുകാലുകൾക്ക് സ്ക്രാപ് മാർക്കറ്റിൽ നല്ല വില ലഭിക്കും. അതിനാലാണ് മോഷ്ടാക്കൾ ഇത് പിഴുതുമാറ്റി കൊണ്ടുപോകുന്നത്.
മാനാഞ്ചിറ പരിപാലനം കുത്തഴിഞ്ഞ നിലയിലായതിനാൽ ഇതൊന്നും കോർപറേഷൻ അധികൃതരും ഗൗരവത്തിലെടുക്കുന്നില്ല. എല്ലാ വർഷവും ക്രിസ്മസ്-ന്യൂഇയർ, ഓണം ആഘോഷങ്ങൾക്ക് ദീപാലങ്കാരം ഒരുക്കുന്നതിന് മാത്രമാണ് അധികൃതർ മാനാഞ്ചിറയിലേക്ക് തിരിഞ്ഞുനോക്കുന്നത്. നഗരത്തിന്റെ പച്ചത്തുരുത്തിൽ പുൽത്തകിടി നശിച്ച് അലങ്കോലമായിട്ട് വർഷങ്ങളായെങ്കിലും സമഗ്ര നവീകരണത്തിന് ഒരു പദ്ധതി പോലും കോർപറേഷൻ ഇതുവരെ തയാറാക്കിയിട്ടില്ല. ശുചീകരണം, ടേക് എ ബ്രേക് തുടങ്ങിയ ചില്ലറ പദ്ധതികൾ മാത്രമാണ് സമീപകാലത്ത് മാനാഞ്ചിറയിൽ നടന്ന പ്രവർത്തനം.
മരങ്ങളുടെ ഇലകളും കമ്പുകളും വീണ് അവിടെത്തന്നെ കൂട്ടിയിട്ട് വൃത്തിഹീനമായി കിടക്കുകയാണ്. കുട്ടികള്‍ക്കായി ഒരുക്കിയ അന്‍സാരി പാര്‍ക്കിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഊഞ്ഞാലും ഇരിപ്പിടങ്ങളുമെല്ലാം തുരുമ്പെടുത്തു നശിച്ചു. കുട്ടികള്‍ക്ക് ഇരുന്ന് കറങ്ങാന്‍ കഴിയുന്ന കളിയുപകരണവും തുരുമ്പെടുത്തു. അടുത്ത ബജറ്റിൽ മാനാഞ്ചിറ സമഗ്ര നവീകരണത്തിന് പദ്ധതിയുണ്ടാവുമെന്നാണ് കോർപറേഷൻ അധികൃതർ നൽകുന്ന വിശദീകരണം.


