ജില്ലയിൽ പോളിങ്ങിലെ വർധന ആരെ തുണക്കും?
text_fieldsജില്ലയിലെ വിവിധ ബൂത്തുകളിൽ വോട്ട് ചെയ്ത് പുറത്തിറങ്ങുന്ന 1.എം.കെ. രാഘവൻ എം.പി2.ബേപ്പൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസ് 3.കോഴിക്കോട് നോർത്ത് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി നവ്യാ ഹരിദാസ് 4.കോഴിക്കോട് നോർത്ത് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രൻ 5.കോഴിക്കോട് നോർത്ത് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. ജയന്ത് 6.ഡോ.എം.കെ മുനീര് എം.എല്.എ 7.ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ 8.കുന്ദമംഗലം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.ടി.എ റഹീം 9.കുന്ദമംഗലം യു.ഡി.എഫ് സ്ഥാനാർഥി എം. എ റസാഖ് മാസ്റ്റർ 10.ബാലുശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി വി.ടി. സൂരജ് 11.കോഴിക്കോട് സൗത്ത് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ടി.രനീഷ് 12. കോഴിക്കോട് സൗത്ത് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിൽ13.കൊയിലാണ്ടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. പ്രവീൺ കുമാർ
കോഴിക്കോട്: ജില്ലയിൽ പോളിങ് ശതമാനം ഉയർന്നത് തങ്ങൾക്കനുകൂലമാവുമെന്ന് അവകാശപ്പെടുമ്പോഴും മുന്നണികൾക്ക് നെഞ്ചിടിപ്പ്. 2021നെ അപേക്ഷിച്ച് മൂന്ന് ശതമാനത്തോളം അധികമാണ് ജില്ലയിൽ രേഖപ്പെടുത്തിയ പോളിങ്. നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് ആധിപത്യമുണ്ടാവാറുള്ള ജില്ലയിൽ ഇത്തവണ അട്ടിമറികൾ ഉണ്ടാവുമെന്നാണ് നേരത്തെയുള്ള സൂചനകൾ. ഇഞ്ചോടിഞ്ച് മത്സരം നടന്നതിന്റെ ലക്ഷണമാണ് ഉയർന്ന പോളിങ് ശതമാനം വ്യക്തമാക്കുന്നത്. യു.ഡി.എഫ് അട്ടിമറി ജയം നേടുമെന്ന് പ്രതീക്ഷിച്ച മണ്ഡലങ്ങളിൽ പോളിങ്ങിൽ കാര്യമായ വർധന കാണുന്നുണ്ട്. കടുത്ത പോരാട്ടം നടന്ന പേരാമ്പ്ര, ബേപ്പൂർ മണ്ഡലങ്ങളിൽ കനത്ത പോളിങ് രേഖപ്പെടുത്തി.
എസ്.ഐ.ആർ നടപ്പാക്കിയ ശേഷം നടന്ന തെരഞ്ഞെടുപ്പ് എന്ന നിലയിൽ വോട്ടർമാർ ജാഗ്രതയോടെ പോളിങ് ബൂത്തിലേക്ക് ഒഴുകിയ കാഴ്ചയായിരുന്നു എങ്ങും. ന്യൂനപക്ഷ വിഭാഗങ്ങൾ വോട്ട് രേഖപ്പെടുത്താൻ കാണിച്ച ജാഗ്രത ശ്രദ്ധേയമായി. ഈ വോട്ടുകൾ ആരെ തുണച്ചിരിക്കും എന്നറിയാൻ മേയ് നാല് വരെ കാത്തിരിക്കണം. യു.ഡി.എഫ് എറ്റവും പ്രതീക്ഷ പുലർത്തുന്നത് ന്യൂനപക്ഷവോട്ടുകളിലാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണം യു.ഡി.എഫിന് അനുകൂലമായി മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്. എൽ.ഡി.എഫിന് ആധിപത്യമുള്ള കോഴിക്കോട് ജില്ലയിൽ എന്തു സംഭവിക്കുമെന്നത് മുന്നണികൾക്ക് നിർണായകമാണ്. പ്രത്യേകിച്ച് യു.ഡി.എഫിന്. കുറ്റ്യാടി, കൊടുവള്ളി, നാദാപുരം, വടകര, കൊയിലാണ്ടി മണ്ഡലങ്ങൾ യു.ഡി.എഫ് ഉറപ്പിച്ച മണ്ഡലങ്ങളായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇടതുകോട്ടയായ ബാലുശ്ശേരിയും പേരാമ്പ്രയും പിടിച്ചടക്കുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. ബേപ്പൂരിൽ 2021ലെ 78.05 ശതമാനത്തിൽ നിന്ന് 83.74 ശതമാനമായാണ് പോളിങ് ഉയർന്നത്. ഇവിടെ എസ്.ഐ.ആർ പൂത്തിയായ ശേഷം 26000ത്തിലധികം വോട്ടുകൾ വർധിച്ചിട്ടുണ്ട്. പേരാമ്പ്രയിൽ 80.17 ശതമാനമായിരുന്നു 2021ലെ പോളിങ്. ഇത്തവണയത് 81.55 ശമതാനമായി ഉയർന്നിട്ടുണ്ട്. പേരാമ്പ്രയിൽ എസ്.ഐ.ആറിന് ശേഷം ഏഴായിരത്തിലേറെ വോട്ടുകൾ വർധിച്ചിട്ടുണ്ട് എന്നാണ് കണക്ക്. എ ക്ലാസ് മണ്ഡലമായ കോഴിക്കോട് നോർത്തിലും കോഴിക്കോട് സൗത്ത്, എലത്തൂർ, കുന്ദമംഗലം മണ്ഡലങ്ങളിലും പരമാവധി വോട്ട് വിഹിതം വർധിപ്പിക്കാനാവുമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. അതേ സമയം ബി.ജെ.പിയുടെ നോർത്തിലെയും സൗത്തിലെയും പ്രകടനം മത്സരവിജയത്തെ പ്രവചനാതീതമാക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. അപ്രതീക്ഷിത കോണുകളിൽ നിന്ന് തങ്ങൾക്കനുകൂലമായി വോട്ട് ലഭിച്ചുവെന്നാണ് ബി.ജെ.പി വൃത്തങ്ങൾ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. തിരുവമ്പാടി, കുന്ദമംഗലം, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, കൊയിലാണ്ടി പേരാമ്പ്ര, നാദാപുരം, കുറ്റ്യാടി, ബാലുശേരി എന്നിവിടങ്ങളിൽ ഇരുമുന്നണികളും ഒരുപോലെ അവകാശവാദമുന്നയിക്കുകയാണ്.


