കൃഷി നശിപ്പിച്ച് കാട്ടുപന്നിക്കൂട്ടം: മടവൂരിൽ കർഷകർ ദുരിതത്തിൽ; ശാശ്വത പരിഹാരം തേടി നാട്ടുകാർ
text_fieldsപ്രതീകാത്മക ചിത്രം
മടവൂർ: ചോലക്കരത്താഴം, പുല്ലോറമ്മൽ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം അതീവ രൂക്ഷമാകുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എത്തുന്ന കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ വ്യാപകമായി നാശം വിതക്കുന്നത് പ്രദേശത്തെ കർഷകരെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. വാഴ, കപ്പ, ചേമ്പ്, ചേന തുടങ്ങിയ വിവിധ കൃഷികളാണ് പന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ നശിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രദേശവാസിയായ സി.കെ. ഹംസയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിക്കൂട്ടം വൻ നാശനഷ്ടമാണ് വരുത്തിയത്. വിളവെടുപ്പിന് തയാറായതടക്കമുള്ള മുഴുവൻ വാഴകളും പന്നികൾ കുത്തിമറിച്ച് നശിപ്പിച്ചു. ഏറെ അധ്വാനവും പണവും ചെലവഴിച്ച് പരിപാലിച്ച കൃഷി ഒറ്റരാത്രികൊണ്ട് നശിച്ചതോടെ കർഷകർ നിരാശയിലാണ്. മേഖലയിലെ മറ്റ് കൃഷിയിടങ്ങളിലും സമാനമായ രീതിയിൽ പന്നികൾ വിളകൾ നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്.
കാട്ടുപന്നികളുടെ ശല്യം വർധിച്ചതോടെ കൃഷിയിറക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പല കർഷകരും. കൃഷി ഉപജീവനമാർഗമായി സ്വീകരിച്ചിട്ടുള്ള ചെറുകിട കർഷകരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. തുടർച്ചയായ കൃഷിനാശം സാമ്പത്തികമായി വലിയ പ്രതിസന്ധിയിലേക്കാണ് കർഷകരെ തള്ളിവിടുന്നത്.
നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടർന്ന് കൃഷി ഡയറക്ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ നേരത്തെ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വനംവകുപ്പിനെയും പ്രശ്നം അറിയിച്ചിട്ടുണ്ട്. എന്നാൽ കാട്ടുപന്നി ശല്യത്തിന് ഫലപ്രദമായ പരിഹാരം ഉണ്ടാകാത്തത് നാട്ടുകാരുടെ ആശങ്കവർധിപ്പിക്കുന്നു. കൃഷിയിടങ്ങളിലെത്തുന്ന കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിനും കർഷകരുടെ ജീവനും സ്വത്തിനും കൃഷിക്കും സംരക്ഷണം ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൃഷിനാശം സംഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും നടപടി വേണം. കർഷകരുടെ ദുരിതത്തിന് അറുതിവരുത്തുന്ന തരത്തിൽ ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചോലക്കരത്താഴം, പുല്ലോറമ്മൽ നിവാസികൾ.



