ബസ് യാത്രക്കാരനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ
text_fieldsറംഷാദ്
കോഴിക്കോട്: ബസ് യാത്രക്കാരനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും പണവും മൊബൈൽ ഫോണും കൈവശപ്പെടുത്തുകയും ചെയ്ത പറമ്പിൽ ബസാർ ഹയറൂ മൻസിലിൽ റംഷാദ് (28) കസബ പൊലീസ് പിടിയിലായി.
പെരുമണ്ണ- കോഴിക്കോട് റൂട്ടിലോടുന്ന സാഹിർ ബസിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്തയാളെ കിണാശ്ശേരി എത്തിയ സമയം തൊട്ടടുത്തിരിക്കുകയായിരുന്ന പ്രതി, അനങ്ങാൻ സമ്മതിക്കാതെ കഴുത്തിൽ പിടിച്ച് മുറുക്കിയും മുഖത്ത് അടിച്ചും നെഞ്ചിൽ ചവിട്ടിയും പരിക്കേൽപ്പിച്ച് ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോണും 4500 രൂപയും ബലമായി പിടിച്ചുപറിച്ച് കൊണ്ടുപോവുകയായിരുന്നു.
രണ്ടാം ഗേറ്റിനടുത്തുള്ള മൊബൈൽ ഷോപ്പിനു മുന്നിൽ മക്കട സ്വദേശി നിസാമുദ്ദീനെ തടഞ്ഞുവെച്ച് ആക്രമിച്ച് പരിക്കേൽപിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമായി ഇയാൾക്കെതിരെ ടൗൺ സ്റ്റേഷനിൽ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.