സർട്ടിഫിക്കറ്റിന് കാത്തിരിക്കുന്നു സാക്ഷരത പരീക്ഷ വിജയിച്ച 1,74,502 പേർ
text_fieldsമലപ്പുറം: അക്ഷരലോകം സ്വപ്നം കണ്ട് അറിവിന്റെ വഴിയിലേക്ക് ഇറങ്ങിത്തിരിച്ചവർക്ക് നിരാശ ബാക്കി. 2022ൽ സാക്ഷരത മിഷൻ പരീക്ഷ വിജയിച്ച സംസ്ഥാനത്തെ ഒന്നേമുക്കാൽ ലക്ഷത്തോളം നവസാക്ഷർക്കാണ് സർട്ടിഫിക്കറ്റ് ലഭിക്കാനുള്ളത്. പഠ്ന ലിഖ്ന അഭിയാൻ (പി.എൽ.എ) കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഭാഗമായി സാക്ഷരത പഠനം പൂർത്തിയാക്കിയവരെയാണ് അധികൃതർ സർട്ടിഫിക്കറ്റ് നൽകാതെ കബളിപ്പിക്കുന്നത്.
ഇതിനാൽ പലർക്കും തുടർപഠന അവസരം ഇല്ലാതായി. പ്രായമായ പലരും സർട്ടിഫിക്കറ്റ് ലഭിക്കാതെ മരിച്ചു. മൂന്ന് വർഷം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് വിതരണം ചെയ്യാത്തതിന് അധികൃതർക്ക് വ്യക്തമായ ഉത്തരമില്ല. സർട്ടിഫിക്കറ്റ് നൽകാൻ ചുമതലയുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളും (എൻ.ഐ.ഒ.എസ്), അത് വാങ്ങിനൽകാൻ ഉത്തരവാദിത്തമുള്ള സംസ്ഥാന സാക്ഷരത മിഷനും വരുത്തിയ വീഴ്ചയാണ് പഠിതാക്കളുടെ ഭാവി അവതാളത്തിലാക്കിയത്.
ഡോ. പി.എസ്. ശ്രീകല സാക്ഷരത മിഷൻ ഡയറക്ടറായിരിക്കെ, 2020-21ൽ തെരഞ്ഞെടുത്ത അഞ്ച് ജില്ലകളിലാണ് പഠ്ന ലിഖ്ന അഭിയാൻ (പി.എൽ.എ) പദ്ധതി നടപ്പാക്കിയത്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ എസ്.സി-എസ്.ടി, ജനറൽ വിഭാഗങ്ങളിലെ രണ്ട് ലക്ഷം പേരെയാണ് ഗുണഭോക്താക്കളായി കണ്ടിരുന്നത്.
2022 മാർച്ചിൽ ഈ ജില്ലകളിലെ 1,75,366 പഠിതാക്കൾ പഠനം പൂർത്തീകരിച്ച്, പരീക്ഷ എഴുതുകയും 1,74,502 പേർ വിജയിക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിൽ 47,272ഉം ഇടുക്കിയിൽ 23,028ഉം പാലക്കാട്ട് 48,263ഉം മലപ്പുറത്ത് 42,076ഉം വയനാട് 13,863ഉം പഠിതാക്കൾ പരീക്ഷ പാസായി. പദ്ധതി നടപ്പാക്കാനുള്ള മുഴുവൻ തുകയും സംസ്ഥാന സാക്ഷരത മിഷന് കേന്ദ്രസർക്കാറിൽനിന്ന് ലഭിച്ചിരുന്നു. സർട്ടിഫിക്കറ്റ് എൻ.ഐ.ഒ.എസ് വഴി പ്രിന്റ് ചെയ്ത് നൽകണമെന്നായിരുന്നു കേന്ദ്ര നിർദേശം. ഇതുപ്രകാരം സർട്ടിഫിക്കറ്റിനുള്ള മുഴുവൻ തുകയും ഈ സ്ഥാപനത്തിൽ അടച്ചതായി സംസ്ഥാന സാക്ഷരത മിഷൻ അധികൃതർ പറയുന്നു. എന്നാൽ, എൻ.ഐ.ഒ.എസിൽനിന്ന് ഇതുവരെ സർട്ടിഫിക്കറ്റ് വിതരണത്തിന് ലഭ്യമായിട്ടില്ല.
ജോലിഭാരം മൂലം പ്രിന്റിങ് അവതാളത്തിലായെന്നും പേരുകളും നമ്പറും രേഖപ്പെടുത്തിയതിലടക്കം പിഴവ് സംഭവിച്ചതായും പറയുന്നു. തുല്യത കോഴ്സുകളിൽ ചേരാൻ സാക്ഷരത കോഴ്സ് വിജയിച്ച സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. വർഷങ്ങൾ കാത്തിരുന്നിട്ടും സർട്ടിഫിക്കറ്റ് കിട്ടാതായപ്പോൾ വീണ്ടും സാക്ഷരത ക്ലാസിലിരുന്ന് പരീക്ഷ എഴുതേണ്ടിവന്നവരുണ്ട്.
സർട്ടിഫിക്കറ്റില്ലാത്തതിനാൽ വനംവകുപ്പിലും സർക്കാർ ആശുപത്രിയിലും മറ്റും ആദിവാസി വിഭാഗക്കാർക്ക് ജോലി നിഷേധിക്കപ്പെട്ട സംഭവങ്ങളുമുണ്ട്. എൻ.ഐ.ഒ.എസിൽനിന് സർട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രശ്നം നിരവധി തവണ കേന്ദ്ര അഡൽട്ട് എജുക്കേഷൻ ഡയറക്ടറേറ്റിനെ ധരിപ്പിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് സാക്ഷരത മിഷൻ അധികൃതർ പറയുന്നു.